10 August, 2023 03:46:36 PM
വന്ദേഭാരതിൽനിന്ന് പുക; ടിക്കറ്റെടുക്കാതെ ടോയ്‌ലറ്റിൽ കയറി സിഗരറ്റ് വലിച്ചയാൾ അറസ്റ്റിൽ
ഹൈദരാബാദ്: വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിൽനിന്ന് പുക കണ്ട് യാത്രക്കാർ പരിഭ്രാന്തരായി. പിന്നീട് നടത്തിയ അന്വേഷണത്തിൽ ടിക്കറ്റ് എടുക്കാതെ ട്രെയിനിലെ ടോയ്‌ലറ്റിൽ കയറി സിഗരറ്റ് വലിച്ചയാൾ അറസ്റ്റിലായി. തിരുപ്പതി-ഹൈദരാബാദ് വന്ദേ ഭാരതിലാണ് സംഭവം.
ആളുകൾ ബഹളം വെച്ചതോടെ ട്രെയിനിലെ അഗ്നി നിയന്ത്രണ സംവിധാനം പ്രവർത്തിക്കുകയായിരുന്നു. യാത്രക്കാർ അപായ സൈറൺ മുഴക്കി ട്രെയിൻ നിർത്തിച്ചു. തുടർന്ന് റെയിൽവേ പൊലീസ് നടത്തിയ പരിശോധനയിലാണ് ശുചിമുറിയിൽ നിന്ന് ഒരാളെ കണ്ടെത്തിയത്. ഉടനടി ഇയാളെ അറസ്റ്റ് ചെയ്തു. സംഭവത്തിൽ അന്വേഷണം നടന്നുവരികയാണ്.
ട്രെയിൻ ഗുഡൂര്‍ ഭാഗത്തെത്തിയപ്പോഴാണ് യാത്രക്കാർ ആദ്യമായി പുക ഉയരുന്നത് കണ്ടത്. ശുചിമുറിയുടെ ഭാഗത്താണ് പുക കണ്ടത്. ട്രെയിനിൽ തീപിടിത്തമുണ്ടായെന്ന് കരുതി യാത്രക്കാർ ബഹളംവെച്ചു. ഇതിനു പിന്നാലെ ട്രെയിനിലെ ഫയര്‍ അലാറങ്ങള്‍ മുഴങ്ങുകയും ഓട്ടോമാറ്റിക് അഗ്‌നിശമന ഉപകരണം കമ്ബാര്‍ട്ടുമെന്റില്‍ എയറോസോള്‍ സ്‌പ്രേ ചെയ്തുകൊണ്ട് പ്രവര്‍ത്തിക്കാന്‍ തുടങ്ങുകയും ചെയ്തു.
ഇതുകൂടി കണ്ടതോടെ യാത്രക്കാർ പരിഭ്രാന്തിയിലായി. ഇതോടെ ബോഗിയിലെ എമജൻസി ഫോണ്‍ ഉപയോഗിച്ച് ട്രെയിൻ ഗാര്‍ഡിനെ വിവരം അറിയിച്ചു. ഇതേത്തുടർന്ന് ട്രെയിൻ മനുബുലു സ്റ്റേഷന് സമീപം നിര്‍ത്തി.
ഇതോടെ ഉദ്യോഗസ്ഥർ അലാറം കേട്ട ബോഗിയിൽ പരിശോധന നടത്തിയപ്പോഴാണ് ടോയ്‌ലറ്റില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പെട്ടത്. അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് ടോയ്‌ലറ്റിന്‍റെ ജനല്‍ പാളി തകര്‍ത്തപ്പോഴാണ് അതിനുള്ളില്‍ ഒരാള്‍ ഇരിക്കുന്നത് കണ്ടത്. തുടര്‍ന്ന് ഇയാളെ റെയിൽവേ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്‍റെ സി 13 കോച്ചിലായിരുന്നു സംഭവം.