09 August, 2023 01:38:07 PM


അവിശ്വാസ പ്രമേയം രണ്ടാം ദിനം; മോദിക്കെതിരേ ആഞ്ഞടിച്ച് രാഹുൽ



ന്യൂഡൽഹി: അവിശ്വാസ പ്രമേയത്തിന്‍റെ രണ്ടാം ദിനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. എംപി സ്ഥാനം തിരികെ നൽകിയതിന് നന്ദി പറഞ്ഞു കൊണ്ടാണ് രാഹുൽ ചർച്ചയ്ക്ക് തുടക്കമിട്ടത്.

രാഹുൽ സംസാരിക്കാനായി എഴുന്നേറ്റപ്പോൾ തന്നെ പ്രതിഷേധവുമായി ഭരണപക്ഷം രംഗത്തെത്തിരുന്നു. ''ഭയപ്പെടേണ്ട, അദാനിയെക്കുറിച്ചല്ല ഇന്നു ഞാൻ ഒന്നും പറയില്ല'' എന്ന് രാഹുൽ അവർക്ക് മറുപടിയും നൽകി.

മണിപ്പൂർ ഇന്ത്യയിൽ അല്ലെന്നാണ് പ്രധാനമന്ത്രിയുടെ ഭാവമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. താൻ മണിപ്പൂർ സന്ദർശിച്ചു, എന്നാൽ പ്രധാനമന്ത്രിയായ നരേന്ദ്ര മോദി ഇതുവരെ മണിപ്പൂർ സന്ദർശിക്കാൻ തയാറായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മണിപ്പൂരിൽ മരിച്ചു വീഴുന്നത് ഇന്ത്യയാണെന്നും മണിപ്പൂർ ഇപ്പോൾ രണ്ടായിരിക്കുന്നു എന്നും രാഹുൽ സഭയിൽ പറഞ്ഞു. ഭരണപക്ഷത്തിനെതിരായ രണ്ടാം ദിവസത്തെ അവിശ്വാസ പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

മണിപ്പൂരിൽ കൊല്ലപ്പെട്ടത് ഭാരതമാതാവാണെന്നും ബിജെപി രാജ്യ ദ്രോഹികളാണെന്നും രാഹുൽ ആഞ്ഞടിച്ചു. രാവണൻ കുംഭകർണനും മേഘമനാഥനും പറയുന്നതാണ് കേട്ടിരുന്നത്. ഇവിടെ മോദി അമിത്ഷായും അദാനിയും പറയുന്നതാണ് കേട്ടിരുന്നതെന്നും അദ്ദേഹം പരിഹസിച്ചു. അഹങ്കാരമാണ് രാവണന്‍റെ അന്ത്യം കുറിച്ചതെന്നും രാഹുൽ പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K