08 August, 2023 11:59:55 AM


കാമുകിക്ക് പിസയുമായെത്തി; പിതാവിനെ കണ്ട് ടെറസില്‍ ഒളിക്കാൻ ശ്രമം; 20കാരന് ദാരുണാന്ത്യം



ഹൈദരബാദ്: കാമുകിക്ക് പാതിരാത്രിയില്‍ പിസയുമായി എത്തിയ 20കാരന് ദാരുണാന്ത്യം. ഹൈദരബാദില്‍ ബേക്കറി ജീവനക്കാരനായ മൊഹമ്മദ് ഷൊഹൈബ് എന്ന യുവാവാണ് മൂന്നാം നിലയില്‍ നിന്ന് വീണ് മരിച്ചത്. 

കാമുകിക്കായി വാങ്ങിയ പിസ കാമുകിയുടെ വീടിന്‍റെ ടെറസിലിരുന്ന് ഒരുമിച്ച് കഴിക്കാനൊരുങ്ങുമ്പോള്‍ പെണ്‍കുട്ടിയുടെ പിതാവ് എത്തിയത് കണ്ട് ഒളിക്കാന്‍ ശ്രമിക്കുന്നതിനിടെ നിലത്ത് വീണാണ് മൊഹമ്മദ് ഷൊഹൈബ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് സംഭവം.

മൂന്ന് നില കെട്ടിടത്തിന്‍റെ ടെറസിലേക്ക് ആരോ നടന്ന് വരുന്നത് പോലെ തോന്നിയതിന് പിന്നാലെ കേബിളുകളില്‍ തൂങ്ങി താഴെയിറങ്ങാന്‍ ശ്രമിക്കുന്നതിനിടെ യുവാവ് നിലത്ത് വീഴുകയായിരുന്നു. വീഴ്ചയില്‍ കഴുത്തൊടിയുകയായിരുന്നു. അപകട വിവരം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ അറിയിച്ചതിന് പിന്നാലെ മൊഹമ്മദ് ഷൊഹൈബിന്‍റെ ബന്ധുക്കളെത്തിയാണ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റിയത്. 

എന്നാല്‍ പുലര്‍ച്ചയോടെ ചികിത്സയ്ക്കിടെ യുവാവ് മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ മൊഹമ്മദ് ഷൊഹൈബിന്‍റെ പിതാവ് ഷൌക്കത്ത് അലി പരാതി നല്‍കിയിട്ടുണ്ട്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K