04 August, 2023 02:43:43 PM


കോട്ടയത്ത് കർഷകൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു



കോട്ടയം: കോട്ടയത്ത് സ്വന്തം പാടത്തിലേക്ക് വെള്ളം കിട്ടാൻ എട്ടു വർഷമായി ഓഫീസുകൾ കയറിയിറങ്ങി മടുത്ത കർഷകൻ ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കോട്ടയം ജില്ലാ കളക്ടറും തിരുവാർപ്പ് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയും കർഷകന്‍റെ പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജു നാഥ് ആവശ്യപ്പെട്ടു.

തിരുവാർപ്പ് സ്വദേശി എൻ.ജി.ബിജുവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ക്യഷി, ജലസേചന വകുപ്പുകൾക്കെതിരെയാണ് പരാതി. ഓഗസ്റ്റ് 22 ന് കോട്ടയത്ത് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് നടപടി.

ഇന്ന് രാവിലെയാണ് തിരുവാർപ്പ് പഞ്ചായത്ത് ഓഫീസിന് മുകളിൽ കയറി കർഷകൻ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഓഫീസിന്റെ മുകളിൽ കയറി കെട്ടിടത്തിന്‍റെ ഗർഡറിൽ പ്ലാസ്റ്റിക് കയറിന്‍റെ ഒരറ്റം കെട്ടി മറ്റേയറ്റം കഴുത്തിൽ ഇട്ടാണ് ബൈജു ആത്മഹത്യാ ഭീഷണി മുഴക്കിയത്. നീതി ലഭിച്ചില്ലെങ്കിൽ കയർ കഴുത്തിൽ കെട്ടി ചാടുമെന്നായിരുന്നു ഭീഷണി. കയ്യിൽ മണ്ണെണ്ണക്കുപ്പിയും കരുതിയിരുന്നു.

പാടത്ത് കൃഷിയിറക്കാൻ വെള്ളം എത്തിച്ചിരുന്ന ചാൽ തുറക്കണമെന്നാവശ്യപ്പെട്ട് ഓഫീസുകൾ കയറിയറിങ്ങുന്നതിൽ പ്രതിഷേധിച്ചായിരുന്നു ആത്മഹത്യാശ്രമം. പൊലീസും ബന്ധുക്കളും നാട്ടുകാരും അനുനയിപ്പിക്കാനായി എത്തി. പരാതിയിൽ പരിഹാരമുണ്ടാകുമെന്ന് തഹസിൽദാർ ഉറപ്പ് നൽകിയതോടെയാണ് താഴെയിറങ്ങാൻ ബൈജു തയ്യാറായത്.

കൂവപ്പുറം പാടശേഖരത്തിൽ 1.32 ഏക്കർ വയലാണ് ബൈജുവിനുള്ളത്. പാടത്തോട് ചേർന്നുള്ള ചാൽ അ‍ടഞ്ഞതിനാൽ നീരൊഴുക്ക് തടസ്സപ്പെട്ടെന്നും സമീപത്തുള്ള പാടശേഖരത്തിന്‍റെ ഉടമയാണ് ചാൽ അടച്ചതെന്നുമാണ് ബൈജുവിന്‍റെ പരാതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K