03 August, 2023 11:10:40 AM


മൊബൈല്‍ ചാര്‍ജറിന്‍റെ അറ്റം വായിലിട്ടു; വൈദ്യുതാഘാതമേറ്റ് കുഞ്ഞിന് ദാരുണാന്ത്യം



ബംഗ്ലൂരു:  സ്വിച്ച്‌ബോര്‍ഡില്‍ കുത്തിയിട്ടിരുന്ന മൊബൈല്‍ ചാര്‍ജറിന്‍റെ അറ്റം വായിലിട്ട എട്ടുമാസം പ്രായമുള്ള കുഞ്ഞ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ബംഗ്ലൂരുവിലെ കാര്‍വാറില്‍ ആണ് സംഭവമുണ്ടായത്. സിദ്ധരദ സ്വദേശികളായ സന്തോഷ്-സഞ്ജന ദമ്പതിമാരുടെ മകള്‍ സാനിധ്യയാണ് മരിച്ചത്.

ഇന്നലെ രാവിലെയായിരുന്നു സംഭവം നടന്നത്. വീട്ടുകാര്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്ത ശേഷം സ്വിച്ച് ഓഫ് ചെയ്യാന്‍ മറന്നുപോയിരുന്നു. ചാര്‍ജര്‍ പോയിന്‍റിനടുത്ത് കിടന്നിരുന്ന കുട്ടി കേബിളിന്‍റെ അറ്റം വായയിലിട്ട് ചവച്ചപ്പോള്‍ വൈദ്യുതാഘാതമേല്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുടുംബാംഗങ്ങള്‍ മറ്റൊരു മകളുടെ ജന്മദിനാഘോഷത്തിന്‍റെ തിരക്കിലായിരുന്നപ്പോഴാണ് അപകടമെന്ന് പൊലീസ് പറഞ്ഞു.

ഹുബ്ബള്ളി ഇലക്ട്രിസിറ്റി സപ്ലൈ കമ്പനിയിലെ കരാര്‍ ജീവനക്കാരനാണ് സന്തോഷ്. മകള്‍ മരിച്ചവിവരമറിഞ്ഞ് കുഴഞ്ഞു വീണ സന്തോഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദമ്പതിമാരുടെ മൂന്നാമത്തെ മകളാണ് സാനിധ്യ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K