03 August, 2023 10:55:25 AM


സൂറത്തില്‍ കെമിക്കൽ ഗോഡൗണിലെ വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾ മരിച്ചു



സൂറത്ത്: വിഷവാതകം ശ്വസിച്ച് നാല് തൊഴിലാളികൾക്ക് മരണം. ഗുജറാത്തിലെ സൂറത്ത് ജില്ലയിലെ നീലം ഇൻഡസ്ട്രീസിന്റെ കെമിക്കൽ ഗോഡൗണിലെ തൊഴിലാളികൾക്കാണ് മരണം സംഭവിച്ചത്. രാസവസ്തുക്കളുടെ ഡ്രമ്മുകൾ തൊഴിലാളികൾ മാറ്റുന്നതിനിടെയാണ് അപകടമുണ്ടായത്. മംഗ്രോൾ തഹസിൽ മോട്ട ബൊർസര ഗ്രാമത്തിലാണ് സംഭവം നടന്നത്. ഇംതിയാസ് പട്ടേൽ , അമിൻ പട്ടേൽ , വരുൺ വാസവ , രാഘറാം എന്നിവരാണ് മരിച്ചത്.

ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ഫാക്ടറിയിലെ അഞ്ച് തൊഴിലാളികൾ രാസവസ്തുക്കളുടെ ഡ്രമ്മുകൾ മാറ്റുകയായിരുന്നു. ഡ്രമ്മിന്‍റെ അടപ്പ് തുറന്നപ്പോൾ പുക പടർന്ന് അഞ്ചുപേരും ബോധരഹിതരായി. ഇവരെയെല്ലാം സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അഞ്ച് തൊഴിലാളികളിൽ നാല് പേർ ആശുപത്രിയിൽ എത്തുമ്പോഴേക്കും മരിച്ചു. ഒരാൾ ചികിത്സയിലാണ്.

ഗോഡൗണിന്‍റെ ഉടമയെ കസ്റ്റഡിയിലെടുത്തതായും ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 304 പ്രകാരമുള്ള കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. മരണത്തിന് കാരണമായ രാസവസ്തു ഇതുവരെ കണ്ടെത്താനായില്ല. കൂടുതൽ വിവരങ്ങൾക്കായി അധികൃതർ അന്വേഷണം ആരംഭിച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K