01 August, 2023 11:18:22 AM


തമിഴ്നാട്ടിൽ പത്തോളം കൊലക്കേസുകളിലെ പ്രതികളായ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു



ചെന്നൈ: തമിഴ്നാട്ടിൽ പത്തോളം കൊലക്കേസുകളിലെ പ്രതികളായ രണ്ട് ഗുണ്ടകളെ പൊലീസ് വെടിവെച്ചു കൊന്നു. രമേശ്‌, ഛോട്ടാ വിനോദ് എന്നിവരാണ് കൊല്ലപ്പെട്ടത്. ചെന്നെ താമ്പരത്തിന് സമീപം ഗുഡുവഞ്ചേരിൽ പുലർച്ചെ മൂന്നരയ്ക്കാണ് സംഭവമുണ്ടായത്.

കൊല്ലപ്പെട്ട വിനോദ് പത്തും രമേശ്‌ അഞ്ചും കൊലക്കേസുകളിൽ പ്രതിയാണ്. വാഹനപരിശോധനക്കിടെ അതിവേഗതയിലെത്തിയ സ്കോഡ കാറിലുണ്ടായിരുന്ന നാലംഗ സംഘം തങ്ങളെ ആക്രമിച്ചുവെന്നും പ്രാണരക്ഷാർത്ഥം വെടിവെക്കുകയായിരുന്നുവെന്നുമാണ് പൊലീസ് വാദം. എന്നാൽ പൊലീസ് ഏറ്റുമുട്ടൽ കൊല നടത്തിയെന്ന ആരോപണം ഇതിനോടകം ഉയർന്നിട്ടുണ്ട്.

കുതിച്ചെത്തിയ കാറിൽ നാലുപേരാണ് ഉണ്ടായിരുന്നത്. വാഹനം പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടതോടെ കാറിലുണ്ടായിരുന്നവർ വെട്ടുകത്തിയുമായി പുറത്തേക്കിറങ്ങി ആക്രമിച്ചു. നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. ഇതോടെ പ്രാണരക്ഷാർത്ഥം വെടിവെക്കേണ്ടിവന്നുവെന്നുമാണ് പൊലീസ് പറയുന്നത്. കാറിലുണ്ടായിരുന്നവരിൽ രണ്ട് പേർ ഓടിരക്ഷപ്പെട്ടു.

ഛോട്ടാ വിനോദിനെതിരെ 10 കൊലപാതക കേസുകള്‍ 50 ക്രിമിനൽ കേസുകളും നിലവിലുണ്ട്. രമേശിനെതിരെ 5 കൊലപാതക കേസുകൾ അല്ലാതെ മുപ്പതോളം കേസുകളാണുള്ളത്. ആക്രമണത്തിൽ എസ് ഐ ശിവഗുരുനാഥന് പരിക്കേറ്റു. ശിവഗുരുനാഥനെ ക്രേംപേട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K