25 July, 2023 07:59:21 PM
തീക്കോയി-തലനാട് റോഡ് രാജ്യാന്തര നിലവാരത്തിൽ നവീകരിച്ചു
കോട്ടയം: തീക്കോയി മുതൽ തലനാട് വടക്കുംഭാഗം വരെയുള്ള അഞ്ചു കിലോമീറ്റർ റോഡ് രാജ്യാന്തര നിലവാരത്തിൽ നവീകരിച്ചു. സംസ്ഥാന സർക്കാർ 6.90 കോടി രൂപ ചെലവഴിച്ച് ബി.എം. ആൻഡ് ബി.സി. നിലവാരത്തിൽ ടാറിംഗും മറ്റു പ്രവർത്തികളും പൂർത്തിയാക്കി.
തലനാട് നിവാസികളുടെ ചിരകാല സ്വപ്നമായിരുന്നു പദ്ധതി. തലനാട് നിന്ന് ഈരാറ്റുപേട്ട, തൊടുപുഴ ഭാഗങ്ങളിലേക്കുള്ള പ്രധാന ഗതാഗത മാർഗമാണിത്. റോഡ് പുനർനിർമാണത്തിനായി ആദ്യഘട്ടത്തിൽ എട്ടു കോടി രൂപ അനുവദിച്ചെങ്കിലും തീക്കോയി പാലം വീതി കൂട്ടുന്നത് പ്രയോഗികമല്ലെന്ന പൊതുമരാമത്ത് വകുപ്പിന്‍റെ നിർദ്ദേശം അനുസരിച്ച് റീടെൻഡർ ചെയ്ത് 6.90 കോടി രൂപയുടെ പദ്ധതി നടപ്പാക്കുകയായിരുന്നു.
ജനുവരി 31ന് നിർമാണ ഉദ്ഘാടനം നിർവഹിച്ച റോഡിന്‍റെ നവീകരണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണ് പൂർത്തിയാക്കിയത്. 5.5 മീറ്റർ വീതിയിൽ നിർമിച്ചിരിക്കുന്ന റോഡിന്‍റെ ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികൾ, കലുങ്കുകൾ, ഓടകൾ, ഉപരിതല ഓടകൾ എന്നിവയുടെ നിർമിച്ചിട്ടുണ്ട്.
റോഡ് സുരക്ഷ ഉറപ്പാക്കാൻ സീബ്ര ലൈനുകൾ, സിഗ്നൽ പോസ്റ്റുകൾ എന്നിവയും സ്ഥാപിച്ചിട്ടുണ്ട്. റോഡ് നിർമാണം പൂർത്തീകരിച്ചതോടെ ഇല്ലിയ്ക്കൽകല്ല്, അയ്യാമ്പാറ എന്നീ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് എത്തുന്ന സഞ്ചാരികൾക്കും പ്രയോജനപ്രദമാകും. റോഡ് നവീകരണം പഞ്ചായത്തിന്റെ ടൂറിസം മുൻനിർത്തിയുള്ള വികസന പ്രവർത്തനങ്ങൾക്ക് കരുത്തുപകരുമെന്ന് തലനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രജനി സുധാകരൻ പറഞ്ഞു.