21 July, 2023 12:22:09 PM
അപകീർത്തികേസ്; രാഹുലിന്‍റെ ഹർജി മാറ്റി; സർക്കാരിനും പരാതിക്കാരനും നോട്ടീസ്
ന്യൂഡൽഹി: അപകീർത്തി കേസിലെ ഗുജറാത്ത് കോടതി വിധിക്കെതിരേ രാഹുൽ ഗാന്ധി നൽകിയ അപ്പീൽ പരിഗണിച്ച സുപ്രീം കോടതി, ഹർജി ഓഗസ്റ്റ് നാലിലേക്കു മാറ്റിവച്ചു. വിഷയത്തിൽ ഗുജറാത്ത് സർക്കാരിനും പരാതിക്കാരനായ പൂർണേഷ് മോദിക്കും നോട്ടീസും നൽകിയിട്ടുണ്ട്. പത്തു ദിവസത്തിനകം നോട്ടീസിനു മറുപടി നൽകാനാണ് കോടതിയുടെ നിർദേശം.
ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. സൂറത്ത് കോടതിയുടെ ശിക്ഷാ വിധി ശരിവച്ച ഗുജറാത്ത് ഹൈക്കോടതി വിധിക്കെതിരേയാണ് രാഹുൽ സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്.
രാഹുൽ തുടർച്ചയായി കുറ്റങ്ങൾ ആവർത്തിക്കുകയാണ്, പത്തിലധികം കേസുകൾ രാഹുലിനെതിരെ രജിസ്റ്റർ ചെയ്തിട്ടുണ്ട്, ശിക്ഷാ വിധി മരവിപ്പിക്കണമെന്ന് രാഹുൽ ആവശ്യപ്പെടുന്നതിനു പ്രത്യേക കാരണങ്ങളൊന്നും ബോധിപ്പിക്കുന്നില്ല എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു സൂറത്ത് കോടതിയുടെ ശിക്ഷാ വിധിയിൽ ഇടപെടാൻ ഹൈക്കോടതി വിസമ്മതിച്ചത്.
അതേസമയം, സ്റ്റേ ആവശ്യം സുപ്രീം കോടതി അനുവദിച്ചാൽ രാഹുലിന്‍റെ അയോഗ്യത നീങ്ങി അദ്ദേഹത്തിന്‍റെ ലോക്സഭാ അംഗത്വം പുന:സ്ഥാപിക്കപ്പെടും.
2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പു പ്രചരണത്തിനിടെ എല്ലാ കള്ളന്മാർക്കും മോദി എന്ന് പേരുലഭിച്ചതെങ്ങനെയാണെന്ന രാഹുലിന്‍റെ പരാമർശത്തിന്‍റെ പേരിലാണ് സൂറത്ത് മജിസ്ട്രേറ്റ് കോടതി രാഹുൽ ഗാന്ധിയെ 2 വർഷത്തേക്ക് തടവിന് ശിക്ഷിച്ചത്. ഇതോടെ ലോക്സഭാംഗത്വം റദ്ദാക്കപ്പെടുകയായിരുന്നു.