20 July, 2023 02:24:59 PM


ഉമ്മൻ ചാണ്ടിക്ക് യാത്രാമൊഴിയേകി ജനലക്ഷങ്ങൾ തിരുനക്കര മൈതാനത്ത്



കോട്ടയം: ജനലക്ഷങ്ങളുടെ സ്നേഹവായ്പ്പ് ഏറ്റുവാങ്ങി ഉമ്മൻ ചാണ്ടി. ഭൗതിക ശരീരവുമായി പ്രത്യേക വാഹനം  മണിക്കൂറോളം തിരുനക്കരയിൽ പൊതു ദർശനത്തിനു വച്ച ശേഷം  പുതുപ്പള്ളിയിലെ വീട്ടിലേയ്ക്ക് കൊണ്ടു പോവുകയാണ്. 

28 മണിക്കൂർ പിന്നിട്ടാണ് വിലാപയാത്ര തിരുനക്കരയിലെത്തിയത്. സിനിമാ മേഖലയിൽ നിന്നും മമ്മൂട്ടി, സുരേഷ് ഗോപി, ദിലീപ്, പിഷാരടി തുടങ്ങിയവരും രാഷ്ട്രീയ മേഖലയിലെ പ്രമുഖരുമടക്കം വൻ ജന സാഗരമാണ് ഉമ്മൻ ചാണ്ടിയ്ക്ക് അന്തിമോപചാരമർപ്പിക്കാൻ തിരുനക്കരയില്‍ എത്തിചേര്‍ന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ എഐസിസി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ തുടങ്ങിയ പ്രമുഖർ സംസ്ക്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി പുതുപള്ളിയിലേക്കെത്തും. 2000 ലധികം പൊലീസുകാരെയാണ് ജനങ്ങളെ നിയന്ത്രിക്കാൻ സ്ഥലത്ത് വിന്യസിച്ചിരിക്കുന്നത്.

ഒരു മണിക്കൂറാണ് തിരുനക്കരയിൽ മൃതദേഹം പൊതു ദർശനത്തിനു വയ്ക്കാന്‍ തീരുമാനിച്ചിരുന്നതെങ്കിലും ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം അവസാനമായി ഒരു നോക്ക് കാണാനായുളള ആളുകളുടെ കുത്തൊഴുക്ക് തുടരുകയാണ്.

ഇന്ന് ഉച്ചതിരിഞ്ഞ് 3.30 ഓടെ പുതുപ്പള്ളി സെന്‍റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേകമായി തയാറാക്കിയ കബറിടത്തിൽ മതപരമായ ചടങ്ങുകളോടെയാവും സംസ്കാരമെന്നാണ് ഔദ്യോഗിമായി അറിയിച്ചിരിക്കുന്നതെങ്കിലും സമയക്രമത്തിൽ മാറ്റം വരാനുള്ള സാധ്യതയാണ് അധികൃതർ മുന്നോട്ടു വയ്ക്കുന്നത്. പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് ത്രിതീയൻ കാതോലിക്കാ ബാവായാണ് മുഖ്യകാർമികത്വം വഹിക്കുക.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K