20 July, 2023 12:12:23 PM


മണിപ്പൂരിൽ സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവം; രാജ്യം മുഴുവൻ ലജ്ജിക്കുന്നുവെന്ന് പ്രധാനമന്ത്രി



ഇംഫാല്‍: മണിപ്പൂരിൽ രണ്ട് സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിയ സംഭവത്തിൽ ലജ്ജിച്ച് രാജ്യം. വ്യാപകമായ പ്രതിഷേധമാണ് രാജ്യം മുഴുവൻ വീഡിയോ പ്രചരിച്ചതിനു പിന്നാലെ ഉയർന്നത്. സാധാരണക്കാർ മുതൽ സിനിമാ താരങ്ങളും രാഷ്ട്രീയ-സാംസ്കാരിക നേതാക്കളെല്ലാം കടുത്ത ഭാഷയിലാണ് പ്രതികരിച്ചത്.

രാജ്യവ്യാപക പ്രതിഷേധം അലയടിച്ചതിനു പിന്നാലെ സംഭവത്തിൽ ഒരു അറസ്റ്റും ഇതിനകമുണ്ടായി. കൊടും ക്രൂരമായ സംഭവത്തിലെ മുഖ്യസൂത്രധാരനായ ഹെർദാസ് (32) എന്നയാളെയാണ് മണിപ്പൂരിലെ തൗബാൽ ജില്ലയിൽ നിന്നും പിടിയിലായതെന്ന് പൊലീസ് വ്യക്തമാക്കി.


കൂട്ട ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ കൊലപാതകം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് പൊലീസ് കേസെടുത്തത്. മെയ് നാലിനാണ് ഒരു സമുദായത്തിലെ ഏതാനും പുരുഷൻമാർ മറ്റൊരു സമുദായത്തിലെ രണ്ട് സ്ത്രീകളെ റോഡിലൂടെ നഗ്നരായി നടത്തുന്നതും അവരെ ലൈംഗികമായി പീഡിപ്പിക്കുന്നതുമായ വീഡിയോ പുറത്തു വന്നത്.

വീഡിയോ പ്രചരിച്ചതിനു പിന്നാലെ സുപ്രീംകോടതി ആശങ്ക പ്രകടിപ്പിച്ചു. സംഭവത്തിൽ അടിയന്തര നടപടിയെടുക്കാൻ സർക്കാരിന് ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഢ് നിർദേശം നൽകി. അംഗീകരിക്കാനാകാത്ത സംഭവമാണ് ഉണ്ടായിരിക്കുന്നതെന്നും വർഗീയ സംഘർഷം വളർത്താൻ സ്ത്രീകളെ ചൂഷണം ചെയ്യുന്നത് ഭരണഘടയ്ക്കെതിരായ ഏറ്റവും ഗുരുതരമായ രൂപമാണെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു.

നടപടിയെടുക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ കോടതിക്ക് ഇടപെടേണ്ടി വരുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. ഇത്തരം സംഭവങ്ങൾ ജനാധിപത്യത്തിലും ഭരണഘടനാപരമായും തീർത്തും അംഗീകരിക്കാനാകാത്തതാണെന്നും കോടതി ചൂണ്ടിക്കാട്ടി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും സംഭവത്തെ ശക്തമായ ഭാഷയിൽ അപലപിച്ചു. മണിപ്പൂരിലുണ്ടായ സംഭവത്തിൽ തന്‍റെ ഹൃദയം തകർന്നുവെന്നും രാജ്യത്തിന് മുഴുവൻ ലജ്ജാകരമായ കാര്യമാണ് ഉണ്ടായതെന്നും പറഞ്ഞ പ്രധാനമന്ത്രി ഇത്തരം അക്രമങ്ങൾ രാജ്യത്തിനാകെയും ഓരോ പൗരനും അപമാനകരമാണെന്നും വ്യക്തമാക്കി. കുറ്റക്കാരായവരിൽ ഒരാളെ പോലും വെറുതേ വിടില്ല. കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും. ഒരിക്കലും മാപ്പർഹിക്കാത്ത കുറ്റമാണിതെന്നും അദ്ദേഹം പറഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K