15 July, 2023 12:27:32 PM


ഡല്‍ഹിയില്‍ വെള്ളം നിറഞ്ഞ മൈതാനത്ത് കളിക്കുകയായിരുന്ന മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു



ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വെള്ളം നിറഞ്ഞ മൈതാനത്ത് കളിക്കുകയായിരുന്ന മൂന്ന് കുട്ടികള്‍ മുങ്ങി മരിച്ചു. നോര്‍ത്ത് വെസ്റ്റ് ഡല്‍ഹിയിലെ മുകുന്ദ്പൂരില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. 

മരണപ്പെട്ട മൂന്ന് കുട്ടികളും 13 വയസിന് താഴെ പ്രായമുള്ളവരാണെന്ന് പൊലീസ് പറ‍ഞ്ഞു. പ്രളയത്തില്‍ വെള്ളം നിറഞ്ഞ മൈതാനത്തില്‍ ഒരുകൂട്ടം കുട്ടികള്‍ കളിക്കുന്നതിനിടെയാണ് അവരില്‍ മൂന്ന് പേര്‍ കുഴിയില്‍ മുങ്ങിപ്പോയത്. 


മരിച്ചവര്‍ മൂന്ന് പേരും ജഹാംഗിര്‍പുരി - എച്ച് ബ്ലോക്കില്‍ താമസിക്കുന്നവരാണ്. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്ന് ഡല്‍ഹി പൊലീസ് അറിയിച്ചു. വൈകുന്നേരം മൂന്ന് മണിയോടെയാണ് അഗ്നിശമന സേനയില്‍ അപകടം സംബന്ധിച്ച വിവരം ലഭിച്ചത്. 

ഒപ്പം കളിക്കുകയായിരുന്ന മറ്റ് കുട്ടികള്‍ സമീപത്തുണ്ടായിരുന്നവരെ അറിയിക്കുകയായിരുന്നു. നാട്ടുകാരും പ്രദേശത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും സ്ഥലത്തെത്തി കുട്ടികളെ രക്ഷിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വെള്ളത്തില്‍ നിന്ന് കണ്ടെടുത്തപ്പോഴേക്കും മൂവരും മരിച്ചിരുന്നു. പിയൂഷ് (13), ആശിഷ് (10), നിഖില്‍ (8) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ ബാബു ജഗ്ജീവന്‍ റാം ആശുപത്രിയിലേക്ക് മാറ്റി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K