14 July, 2023 02:14:08 PM
വഴിവിളക്കുകള്‍ തെളിയിക്കുന്നതില്‍ അലംഭാവം; അസിസ്റ്റന്‍റ് എഞ്ചിനീയറെ മര്‍ദിച്ച് നഗരസഭാ വൈസ് ചെയര്‍മാന്‍
ഏറ്റുമാനൂര്‍: നഗരസഭാ കൗണ്‍സില്‍ തീരുമാനപ്രകാരം വാര്‍ഡുകളിലെ വഴിവിളക്കുകള്‍ തെളിയിക്കുന്നതില്‍ അലംഭാവം പ്രകടിപ്പിക്കുകയും ജോലിയില്‍ വീഴ്ചവരുത്തുകയും ചെയ്ത അസിസ്റ്റന്‍റ് എഞ്ചിനീയര്‍ക്ക് നഗരസഭാ വൈസ് ചെയര്‍മാന്‍റെ മര്‍ദനം.
കോട്ടയം ജില്ലയിലെ ഏറ്റുമാനൂര്‍ നഗരസഭയിലാണ് ഇന്ന് രാവിലെ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. എല്‍ എസ് ജി ഡി അസിസ്റ്റന്‍റ് എഞ്ചിനീയര്‍ എസ് ബോണിയ്ക്കാണ് നഗരസഭാ ഓഫീസില്‍ വെച്ച് വൈസ് ചെയര്‍മാന്‍ ജയ്മോഹന്‍റെ മര്‍ദനമേറ്റത്.
വാര്‍ഡുകളിലേക്ക് ഉപയോഗിക്കാന്‍ നഗരസഭ വാങ്ങിയ വൈദ്യുതി വിളക്കുകളും അനുബന്ധ ഉപകരണങ്ങളും രജിസ്റ്ററില്‍ ചേര്‍ത്ത് കൃത്യമായ നടപടികള്‍ സ്വീകരിക്കുന്നതില്‍ എഞ്ചിനീയറിംഗ് വിഭാഗത്തിന്‍റെ വീഴ്ച നേരത്തെ തന്നെ ചര്‍ച്ചയായിരുന്നു.
അസി. എഞ്ചിനീയറുടെയും ഓവര്‍സീയര്‍മാരുടെയും ഉള്‍പ്പെടെ എല്‍ എസ് ജി ഡി ജീവനക്കാരുടെ പൊതു ജനങ്ങളോടുളള പെരുമാറ്റവും നിസ്സഹകരണവും ചൂണ്ടിക്കാണിച്ച് വിവിധ കൗണ്‍സില്‍ യോഗങ്ങളില്‍ അംഗങ്ങള്‍ പരാതി ഉന്നയിച്ചിരുന്നു. തന്‍റെ വാര്‍ഡില്‍ വഴിവിളക്കുകള്‍ തെളിയിക്കുന്നതില്‍ വീഴ്ച വരുത്തിയത് സംബന്ധിച്ച പരാതിയുമായി പത്താം വാര്‍ഡ് കൗണ്‍സിലര്‍ സുനിത ബിനീഷ് ഏറ്റുമാനൂര്‍ പോലീസിനെയും സമീപിച്ചിരുന്നു. ഇതിനു ശേഷമാണ് തന്‍റെ വാര്‍ഡില്‍ ലൈറ്റുകള്‍ തെളിയിക്കാത്തത് ചോദ്യം ചെയ്ത് കൊണ്ട് ജയ്മോഹന്‍ രംഗത്തെത്തിയത്. ഇവര്‍ തമ്മിലുളള വാക്കേറ്റം അവസാനം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. സംഭവത്തില്‍ അസി. എഞ്ചിനീയറും വൈസ് ചെയര്‍മാനും കോട്ടയം മെഡിക്കല്‍ കോളെജില്‍ ചികിത്സതേടി.