12 July, 2023 07:36:08 PM


കിടങ്ങൂരിന്‍റെ മേളപ്പെരുമയറിയിക്കാൻ ശിങ്കാരിമേളവുമായി കുടുംബശ്രീ



കോട്ടയം: കിടങ്ങൂരിന്‍റെ മേളപ്പെരുമയ്ക്ക് കൊഴുപ്പേകാൻ സ്വന്തമായി ശിങ്കാരിമേള ട്രൂപ്പുമായി കിടങ്ങൂർ ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ അംഗങ്ങൾ. സി.ഡി.എസിലെയും എ.ഡി.എസിലെയും 11 പേരാണ് ട്രൂപ്പിലുള്ളത്. രണ്ടര മാസക്കാലത്തെ പരിശീലനത്തിന് ശേഷമാണ് അരങ്ങേറ്റം നടത്തിയത്. 'ചിലങ്ക' എന്ന പേരിലാണ് ട്രൂപ്പ് രജിസ്റ്റർ ചെയ്തത്. 

അരങ്ങേറ്റത്തിന് ശേഷവും ആഴ്ചയിൽ ഒരു ദിവസം അദ്ധ്യാപകന്‍റെ  നേതൃത്വത്തിലും ബാക്കിയുള്ള ദിവസങ്ങളിൽ വൈകുന്നേരം സി.ഡി.എസ് ഓഫീസിലും പരിശീലനം നടത്തുന്നുണ്ട്. ഇതുവരെ രണ്ട് പരിപാടികളാണ് അവതരിപ്പിച്ചത്. മേളം മെച്ചപ്പെടുന്നതുവരെ സൗജന്യമായും  അതിന് ശേഷം വരുമാന മാർഗ്ഗം എന്ന നിലയിലേക്കും ട്രൂപ്പ് മാറുമെന്ന് സി.ഡി.എസ് ചെയർപേഴ്സൺ മോളി ദേവരാജ് പറഞ്ഞു.

ട്രൂപ്പിലേക്ക് സാധനങ്ങൾ വാങ്ങാനും അധ്യാപകർക്ക് പ്രതിഫലം നൽകാനുമായി ബാങ്കിൽ നിന്നും 2,23,000 രൂപ വായ്പ എടുത്തിരുന്നു. വായ്പ തുകയുടെ 75 ശതമാനം പഞ്ചായത്തിൽ നിന്നും സബ്സിഡിയായി ലഭിച്ചു. നാല് വീതം ചെണ്ടകളും ഇലത്താളവും ട്രൂപ്പിന് സ്വന്തമായുണ്ട്. ബിന്ദു രാജേഷ്, ഗീതാ അനി, ബിന്ദു തങ്കച്ചൻ, ബീനാ റോയി, പ്രമീള സോമരാജ്, മിനി ജോയി, മിനി ജോണി, ഓമന രാജൻ, ബിന്ദു ജയ്സൺ, ഷൈനി മോഹനൻ, മേരി ജോസഫ് എന്നിവരാണ് ട്രൂപ്പ് അംഗങ്ങൾ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K