11 July, 2023 03:28:29 PM


ജന്തുദ്രോഹ നിവാരണ സമിതി കോട്ടയം ജില്ലാതല മാനേജ്‌മെന്‍റ് കമ്മിറ്റി പുനസംഘടിപ്പിച്ചു



കോട്ടയം: മൃഗങ്ങളുടെ അവകാശ സംരക്ഷണവും ക്ഷേമവും ഉറപ്പാക്കുന്നതിന് കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ  മാർഗനിർദേശപ്രകാരം രൂപീകരിച്ചിട്ടുള്ള ജന്തു ദ്രോഹ നിവാരണ സമിതിയുടെ(എസ്.പി.സി.എ.) ജില്ലാതല മാനേജ്‌മെന്‍റ് കമ്മിറ്റി പുനസംഘടിപ്പിച്ചു. ജില്ലാ കളക്ടർ വി. വിഗ്‌നേശ്വരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് സമിതി പുനസംഘടിപ്പിച്ചത്. 

യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എസ്.പി.സി.എ. മാനേജ്‌മെന്‍റ് കമ്മിറ്റി അധ്യക്ഷയുമായ കെ.വി. ബിന്ദു സന്നിഹിതയായിരുന്നു. പുന:സംഘടിപ്പിച്ച മാനേജ്‌മെന്‍റ് കമ്മിറ്റിയോഗത്തിന്‍റെ ആദ്യ അജൻഡയായി മൃഗസ്‌നേഹികളുടെ വോളന്‍റിയർ ഗ്രൂപ്പ് ജില്ലാതലത്തിൽ സൃഷ്ടിക്കാൻ തീരുമാനിച്ചു.

പതിനെട്ടുവയസിനു മുകളിലുള്ള കോളജ് വിദ്യാർഥികൾ അടക്കമുള്ളവരാകും ഗ്രൂപ്പിലെ അംഗങ്ങൾ. 100 പേരുടെ വോളന്റിയർ ഗ്രൂപ്പാണ് ലക്ഷ്യമിടുന്നത്. വോളന്റിയർമാർക്ക് എല്ലാവർക്കും പേവിഷത്തിനെതിരേയുള്ള വാക്‌സിൻ ഉറപ്പാക്കും. ഇവരുടെ രജിസ്‌ട്രേഷൻ അടക്കമുള്ളവ ഓഗസ്റ്റ് പകുതിയോടെ പൂർത്തിയാക്കും. 

തെരുവുനായ്ക്കൾ അടക്കമുള്ള മൃഗങ്ങളുടെ അവകാശങ്ങളെക്കുറിച്ചും ക്ഷേമപ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ബോധവൽക്കരണം നടത്തുന്നതിനുമുള്ള വീഡിയോകൾ പ്രചരിപ്പിക്കും. യോഗത്തിൽ എസ്.പി.സി.എയുടെ മെമ്മോറാണ്ടം ചീഫ് വെറ്ററിനറി ഓഫീസർ വി.കെ. മനോജ്കുമാർ അവതരിപ്പിച്ചു. മാനേജ്‌മെന്‍റ് സമിതിയുടെ സെക്രട്ടറിയായി  ചീഫ് വെറ്ററിനറി ഓഫീസറെയും ജോയിന്‍റ് സെക്രട്ടറിയായി മൃഗസംരക്ഷണവകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെയും ട്രഷററായി മൃഗസംരക്ഷണവകുപ്പ് ഫീൽഡ് ഓഫീസറെയും യോഗം തെരഞ്ഞെടുത്തു.

മൃഗങ്ങൾക്കെതിരായുള്ള ക്രൂരതകൾ കുറയ്ക്കുന്നതിനും ദയാരഹിതമായ പ്രവർത്തനങ്ങൾ നിയമാനുസൃതം നിരോധിക്കുന്നതിനും അനാവശ്യമായ വേദനകൾക്കു മൃഗങ്ങളെ വിധേയരാക്കാതിരിക്കുന്നതിലൂടെ മൃഗ ക്ഷേമം ഉറപ്പുവരുത്താനുമാണ് ജില്ലാതലത്തിലുള്ള എസ്.പി.സി.എ. ലക്ഷ്യമിടുന്നത്. എസ്.പി.സി.എയുടെ ആഭിമുഖ്യത്തിൽ മൃഗങ്ങൾക്കുള്ള വെറ്ററിനറി ആശുപത്രികൾ, സേവനങ്ങൾ,ആനിമൽ ആംബുലൻസ്, ആനിമൽ ഷെൽട്ടറുകൾ, വെള്ളം കുടിക്കുന്നതിനുള്ള ടാങ്കുകൾ, അപകടത്തിൽപ്പെട്ടും അനാരോഗ്യം മൂലവും പ്രായാധിക്യം മൂലവും അനാഥരാക്കപ്പെട്ട മൃഗങ്ങളുടെ തുടർ സംരക്ഷണത്തിനുള്ള നടപടി സ്വീകരിക്കും. മൃഗങ്ങളോടുള്ള മാനുഷികവും സഹാനുഭൂതിയോടുള്ള പെരുമാറ്റത്തിനായി ബോധവൽക്കരണ ക്ലാസുകളും സംഘടിപ്പിക്കും. മൃഗസംരക്ഷണ വകുപ്പും ആനിമൽ വെൽഫെയർ ബോർഡുമായും ചേർന്ന്
മൃഗക്ഷേമ പ്രവർത്തനങ്ങൾ ജില്ലയിൽ നടത്താനും ലക്ഷ്യമിടുന്നു.
 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K