07 July, 2023 06:21:16 PM


മഴക്കെടുതി; കോട്ടയം ജില്ലയിൽ കെ.എസ്.ഇ.ബിക്ക് 3.33 കോടിയുടെ നഷ്ടം



കോട്ടയം: കോട്ടയം ജില്ലയിൽ കനത്ത മഴയെത്തുടർന്ന് കെ.എസ്.ഇ.ബിക്ക് 3.33 കോടി രൂപയുടെ നഷ്ടം. ജൂലൈ ഒന്നുമുതൽ ഏഴുവരെയുള്ള പ്രാഥമിക കണക്കാണിത്. കോട്ടയം സർക്കിളിൽ പള്ളം, ചങ്ങനാശേരി, വൈക്കം ഡിവിഷനുകളിലായി 67,224 കണക്ഷനുകൾക്ക് തകരാറുണ്ടായി. 265 പോസ്റ്റുകൾ ഒടിഞ്ഞു. 764 ഇടങ്ങളിൽ  വൈദ്യുത ലൈൻ പൊട്ടിവീണു.  307 ട്രാൻസ്‌ഫോർമറുകൾക്ക് തകരാർ സംഭവിച്ചു. 1.97 കോടി രൂപയുടെ നഷ്ടമാണ് കോട്ടയം സർക്കിളിൽ കണക്കാക്കിയിട്ടുള്ളത്. 

പാലാ, പൊൻകുന്നം ഡിവിഷനുകൾ ഉൾപ്പെടുന്ന  പാലാ സർക്കിളിലെ  322 ട്രാൻസ്‌ഫോർമറുകൾക്ക് തകരാർ സംഭവിച്ചു. 60 ഇടങ്ങളിൽ വൈദ്യുതലൈൻ പൊട്ടി വീണു. 145 പോസ്റ്റുകൾ ഒടിഞ്ഞു. 1.35 കോടി രൂപയുടെ നഷ്ടമാണ് കണക്കാക്കിയിട്ടുള്ളത്.  

മുഴുവൻ വൈദ്യുത കണക്ഷനുകളും പരമാവധി വേഗത്തിൽ പുനസ്ഥാപിക്കാനുള്ള ശ്രമത്തിലാണെന്നും ഇതിൽ 99 ശതമാനവും വിജയിച്ചതായും കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എൻജിനീയർ വി.സി. ജെമിലി പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K