07 July, 2023 02:47:03 PM
സൗജന്യ യാത്രക്കായി ബുർഖ ധരിച്ചു ബസിൽ കയറിയ 58കാരൻ പിടിയിൽ
ബംഗ്ലൂരു: സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിക്കുന്ന കർണാടക സർക്കാരിന്‍റെ ശക്തി യോജന പദ്ധതി അടുത്തിടെ നിലവിൽ വന്നിരുന്നു. എന്നാൽ വനിതകൾക്കുള്ള സൗജന്യ ബസ് ടിക്കറ്റ് ലഭിക്കാനായി 58കാരൻ ബുർഖ ധരിച്ചു ബസിൽ കയറാനെത്തി. ബുർഖ ധരിച്ചെത്തിയ ഹിന്ദുവായ 58കാരനെ പ്രദേശവാസികൾ പിടികൂടി.
വ്യാഴാഴ്ച കർണാടകയിലെ ധാർവാഡ് ജില്ലയിലെ ഒരു ബസ് സ്റ്റോപ്പിൽനിന്നാണ് ഇയാളെ പിടികൂടിയത്. ബസ് സ്റ്റോപ്പിൽ ഇരുന്ന മറ്റ് യാത്രക്കാരാണ് ബുർഖ ധരിച്ചെത്തിയയാളെ ശ്രദ്ധിച്ചത്. കാഴ്ചയിൽ സംശയം തോന്നിയതോടെ അവിടെയുണ്ടായിരുന്നവർ ബുർഖധരിച്ചയാളെ ചോദ്യം ചെയ്തു. അപ്പോൾ താൻ സ്ത്രീയല്ലന്നും സമീപവാസിയായ വീരഭദ്രയ്യ എന്ന ആളാണെന്നും ഇയാൾ പറഞ്ഞു.
ഭിക്ഷാടനത്തിനായാണ് താൻ ബുർഖ ധരിച്ചതെന്ന് ഇയാൾ പറഞ്ഞു. എന്നാൽ ഇയാൾ സ്ഥിരമായി ബുർഖ ധരിച്ച് നടക്കാറുണ്ടെന്നും, ബസുകളിൽ സർക്കരിന്‍റെ ശക്തി യോജന പ്രകാരം സൗജന്യ ബസ് ടിക്കറ്റ് ലഭിക്കാനാണ് വീരഭദ്രയ്യ ഇങ്ങനെ ചെയ്യുന്നതെന്നും ഇയാളെ അറിയുന്നവർ പറഞ്ഞു. കൂടാതെ വീരഭദ്രയ്യയുടെ കൈയിൽനിന്ന് മുസ്ലീമായ ഒരു സ്ത്രീയുടെ ആധാർ കാർഡിന്‍റെ പകർപ്പും കണ്ടെടുത്തിട്ടുണ്ട്.
തെരഞ്ഞെടുപ്പിന് മുമ്പ് കോൺഗ്രസ് നൽകിയ അഞ്ച് വാഗ്ദാനങ്ങളിലൊന്നായ 'ശക്തി യോജന' പ്രകാരം കർണാടക സർക്കാർ സംസ്ഥാനത്തുടനീളമുള്ള സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര അനുവദിച്ചിട്ടുണ്ട്.