06 July, 2023 09:10:05 PM
മണർകാട് ഐരാറ്റുനട റോഡിന്‍റെ നിർമ്മാണത്തിലിക്കുന്ന ഭാഗം കനത്ത മഴയിൽ ഇടിഞ്ഞു
മണർകാട്: കോട്ടയത്ത് ദേശീയ പാത 183ൽ വീതി കൂട്ടി നിർമാണം നടക്കുന്ന മണർകാട് ഐരാറ്റുനട റോഡിന്‍റെ ഒരു ഭാഗം കനത്ത മഴയിൽ ഇടിഞ്ഞു. റോഡിൻ്റെ ഒരു ഭാഗം സംരക്ഷണഭിത്തി കെട്ടി നിർമാണം പൂർത്തിയായിരുന്നു. തുടർന്ന് ഇപ്പോൾ നിർമാണം നടക്കുന്ന മറുഭാഗമാണ് ഇടിഞ്ഞത്. ഈ ഭാഗത്തെ 11 കെ. വി. ലൈനും അപകടാവസ്ഥയിലാണ്. വീപ്പകൾവെച്ച് താൽക്കാലികമായി സംരക്ഷണം ഒരുക്കിയിട്ടുണ്ടെങ്കിലും മഴയിൽ വീണ്ടും ഇടിയാൻ സാധ്യതയുണ്ട്. നിലവിൽ ഗതാഗതം മുടങ്ങിയിട്ടില്ല.
ഐരാറ്റുനട പാലത്തിനു സമീപത്തെ കൽക്കെട്ട് 2019 ലെ വെള്ളപ്പൊക്കത്തിലാണ് ഇടിഞ്ഞത്. തുടർന്ന് മഴക്കെടുതി മൂലം ഉണ്ടായിട്ടുള്ള എട്ട് അപകടസ്ഥലങ്ങൾ നന്നാക്കാൻ കേന്ദ്രസർക്കാർ അനുവദിച്ച 10.4 കോടി രൂപയുടെ നിർമാണപ്രവൃത്തികളാണ് ഇപ്പോൾ നടന്നുവരുന്നത്.