05 July, 2023 03:16:31 PM


കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖല വെള്ളപ്പൊക്ക ഭീഷണിയിൽ; ജനജീവിതം ദുസ്സഹമായി



കോട്ടയം: കോട്ടയം ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ പല ഭാഗങ്ങളിലും വെള്ളം കയറി ജനജീവിതം ദുസ്സഹമായി. കുമരകം, തിരുവാർപ്പ്, അയ്മനം, ആർപ്പൂക്കര പഞ്ചായത്തുകളിൽ പലയിടത്തും വെള്ളം പൊങ്ങി. 

തിരുവാർപ്പിൽ നിരവധി വീടുകളിൽ വെള്ളം കയറി. കിളിരൂർ താമരശേരി കോളനി വെള്ളത്തിലായി. അംബേദ്ക്കർ കോളനി ഭാഗവും വെള്ളത്തിലായി. കോട്ടയം - കുമരകം റോഡിൽ ഇല്ലിക്കൽ ഭാഗത്ത് റോഡിൽ വെള്ളം കയറി. 

അയ്മനം പഞ്ചായത്തിലെ പരിപ്പ്, മുട്ടേൽ പ്രദേശങ്ങളിൽ  നിരവധി വീടുകൾ വെള്ളത്തിനടിയിലായി. മുട്ടേൽ പാലത്തിന് സമീപം വെള്ളം കയറിയതിനാൽ വാഹനഗതാഗതം ദുരിതത്തിലായി. വരമ്പിനകം ഭാഗത്തേയ്ക്ക് കാൽനടയായോ വാഹനത്തിലോ എത്തി ചേരാൻ കഴിയാത്ത അവസ്ഥയിലായി. 

പരിപ്പിൽ പാലം പണിയുന്നതിനായി നിർമ്മിച്ച സമാന്തര റോഡിൻ്റെ ബണ്ടിനു സമീപം വെള്ളം കരകവിഞ്ഞൊഴുകി വാഹനഗതാഗതം തടസ്സപ്പെട്ടു. ബണ്ടിനടിയിലൂടെ കൂടുതൽ വെള്ളമൊഴുകി പോകാത്തതിനാൽ സമീപമുള്ള വീടുകളിലെല്ലാം വെള്ളം കയറി. എത്രയും പെട്ടെന്ന് പണി പൂർത്തിയാക്കി ബണ്ട് തുറന്നു വിടണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
       
കുമരകത്തെ പാടശേഖരങ്ങളിലെ നെൽച്ചെടികൾ വെള്ളത്തിൽ മുങ്ങി. പാടത്തെ വെള്ളം വറ്റിക്കുന്നതിനു വൈദ്യുതി മുടക്കം കർഷകർക്കു തിരിച്ചടിയായി. തിങ്കളാഴ്ച തുടങ്ങിയ മഴ ഇന്നലെയും തുടർന്നതോടെയാണു വെള്ളപ്പൊക്കമായത്. 
ഇന്നും മഴ തുടരുകയാണ്.

മീനച്ചിലാറ്റിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. മീനച്ചിലാർ പല സ്ഥലത്തും കരകവിഞ്ഞതോടെ സമീപ പുരയിടങ്ങളിൽ വെള്ളം കയറി. കുമരകം റോഡിന്‍റെ വശങ്ങളിലെ പാടശേഖരങ്ങളിൽ വെള്ളം നിറഞ്ഞു. മൂന്നുമൂലയ്ക്കു സമീപം കൃഷിയില്ലാതെ കിടക്കുന്ന പാടത്ത് നിന്നു റോഡിലേക്കു വെള്ളം കയറി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K