03 July, 2023 02:10:20 PM
മണിപ്പൂർ സംഘർഷം: വിശദമായ റിപ്പോർട്ട് തേടി സുപ്രീംകോടതി
ന്യൂഡൽഹി: മണിപ്പൂർ സംഘർഷത്തിൽ നേരിട്ട് ഇടപെട്ട് സുപ്രീംകോടതി. മണിപ്പൂരിലെ സാമുദായിക സംഘർഷങ്ങൾ അനിയന്ത്രിതമായി തുടരുന്ന സാഹചര്യത്തിൽ സുപ്രീംകോടതി സംസ്ഥാന സർക്കാരിനോട് വിശദമായ റിപ്പോർട്ട് തേടി. ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയിരിക്കുന്നത്.
കുകി വിഭാഗത്തിന് സംരക്ഷണം ആവശ്യപ്പെട്ട് മണിപ്പൂർ ട്രൈബൽ ഫോറം സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി സംസ്ഥാനത്ത് ഇതു വരെയും സംഘർഷം ഇല്ലാതാക്കുന്നതിനായി നിയമപരമായി സ്വീകരിച്ച നടപടികൾ, പുനരധിവാസം എന്നിവയെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെട്ട് വരുന്നതായും തൽസ്ഥിതി വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് വെള്ളിയാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാമെന്ന് സോളിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീംകോടതിയെ അറിയിച്ചു.
ഇന്ന് പുലര്‍ച്ചെ ബിഷ്ണുപൂരിലെ കൊയിജുമൻതാപി ജില്ലയിലുണ്ടായ വെടിവെയ്പിൽ നാലുപേർ കൂടി കൊല്ലപ്പെട്ടതായാണ് വിവരം. ഗ്രാമത്തിന് കാവൽനിന്നവരാണ് വെടിയേറ്റ് മരിച്ചത്. ഇതിൽ ഒരാളുടെ തലയറുത്ത നിലയിലാണെന്നും പൊലീസ് പറയുന്നു. ഇവർക്ക് നേരെ ആരാണ് വെടിവച്ചതെന്ന് വ്യക്തമല്ല.
ശനിയാഴ്ച്ച രാത്രിയുണ്ടായ വെടിവയ്പിലും മൂന്നുപേർ മരിക്കുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റവർ ഇംഫാലിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
അതേസമയം, കുക്കി വിഭാഗത്തിലെ രണ്ടു സായുധ ഗ്രൂപ്പുകൾ രണ്ടു മാസമായി ദേശീയപാത രണ്ടിൽ ഏർപ്പെടുത്തിയിരുന്ന തടസം ഞായറാഴ്ച നീക്കിയിരുന്നു. കലാപം തുടങ്ങി മേയ് മൂന്നു മുതൽ ഈ പാതയിലൂടെയുള്ള ഗതാഗതം പൂർണമായി തടഞ്ഞിരിക്കുകയായിരുന്നു.