28 June, 2023 04:30:31 PM
രാഹുൽ ഗാന്ധിക്കെതിരെ ട്വീറ്റ്; ബിജെപി നേതാവ് അമിത് മാളവ്യക്കെതിരെ കേസെടുത്തു
ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വിദ്വേഷ വിഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ ബിജെപി നേതാവിനെതിരെ കേസ്. കോൺഗ്രസ് പ്രവർത്തകന്‍റെ പരാതിയിൽ ബിജെപി ഐ ടി സെൽ മേധാവി അമിത് മാളവ്യക്കെതിരെയാണ് ബെംഗളൂരു പൊലീസ് കേസെടുത്തത്.
ജൂൺ 17നാണ് 'രാഗാ എക് മോഹ്റ' എന്ന തലക്കെട്ടിൽ അമിത് മാളവ്യ ട്വിറ്ററിൽ വിഡിയോ പങ്കുവെച്ചത്. 'രാഹുൽ ഗാന്ധി ഇന്ത്യയെ വിഭജിക്കാൻ ശ്രമിക്കുന്നു' എന്ന ഉള്ളടക്കമാണ് അമിത് മാളവ്യ പ്രചരിപ്പിച്ച വിഡിയോയിൽ ഉള്ളതെന്നാണ് പരാതി.
മുൻപും രാഹുൽ ഗാന്ധിക്കെതിരെ അമിത് മാളവ്യയുടെ ട്വീറ്റ് വിവാദമായിരുന്നു. ലോക്സഭയിൽ നിന്ന് അയോഗ്യനാക്കപ്പെട്ടതിന് പിന്നാലെ വയനാട്ടിലെത്തിയ രാഹുൽ ഗാന്ധിക്ക് വൻ സ്വീകരണം ഒരുക്കിയിരുന്നു. ഈ സമ്മേളനത്തിന്‍റെ വിഡിയോയുടെ ഏതാനും ഭാഗം മാത്രം എടുത്ത് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിൽ അമിത് മാളവ്യ ട്വിറ്ററിൽ പോസ്റ്റ് ചെയ്തുവെന്നായിരുന്നു കോൺഗ്രസ് ആരോപണം.