26 June, 2023 02:14:27 PM
ഭാര്യയുമായി അവിഹിതബന്ധം; യുവാവിന്‍റെ കഴുത്തറുത്ത് ചോര കുടിച്ച് ഭർത്താവ്
ബെംഗ്ലൂരു: ഭാര്യയുമായി അവിഹിതബന്ധമുണ്ടെന്ന് ആരോപച്ച് യുവാവിന്‍റെ കഴുത്ത് മുറിച്ച് രക്തം കുടിച്ചു പ്രതികാരം ചെയ്തു. കർണാടകയിലെ ചിക്കബെല്ലാപുര ജില്ലയിലെ ചിന്താമണി താലുക്കിലാണ് സംഭവം. കഴുത്ത് മുറിച്ച് രക്തം കുടിക്കുന്നയാളുടെ ദൃശ്യം ഒപ്പമുണ്ടായിരുന്നയാൾ മൊബൈലിൽ പകർത്തുകയും ചെയ്തു. വീഡിയോ വൈറലായതിന് പിന്നാലെ വിജയ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇക്കഴിഞ്ഞ ജൂണ്‍ പത്തൊന്‍പതിനായിരുന്നു സംഭവം. ഭാര്യയുമായി ബന്ധം പുലർത്തിയ മാരേഷ് എന്നയാളെ വിജയ് തന്ത്രപൂർവം ഇവരുടെ നാടിന് സമീപത്തെ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു. ഒപ്പം ജോൺ എന്ന സുഹൃത്തുമുണ്ടായിരുന്നു.
വനത്തിലെത്തിയതിന് പിന്നാലെ വിജയ് മാരേഷിനെ ക്രൂരമായി മർദ്ദിക്കാൻ തുടങ്ങി. മർദനമേറ്റ് അവശനായ മാരേഷ് തറയിൽ കിടക്കുമ്പോഴാണ് വിജയ് കഴുത്ത് മുറിച്ച് രക്തം കുടിച്ചത്. ഈ ദൃശ്യം ജോൺ മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ മാരേഷ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ ബന്ധുക്കൾ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കേസെടുന്ന് അന്വേഷണം ആരംഭിച്ചു. ആശുപത്രിയിലെത്തി ചികിത്സയിലുള്ള മാരേഷിന്‍റെ മൊഴി രേഖപ്പെടുത്തി. ഇതിന് പിന്നാലെ കഴിഞ്ഞ ദിവസം പൊലീസ് വിജയെ കസ്റ്റഡിയിലെടുത്തു. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.