25 June, 2023 08:27:27 PM
ബസ് സര്‍വീസ് മുടക്കി തൊഴിലാളി സമരം: ലോട്ടറി വിറ്റ് ബസുടമ; മാധ്യമപ്രവര്‍ത്തകന് മര്‍ദനം
കോട്ടയം: കോട്ടയം തിരുവാർപ്പിൽ സ്വകാര്യ ബസ് ജീവനക്കാരുടെ സംഘടന വേതനം സംബന്ധിച്ച് ബസ് ഉടമയുമായുള്ള തര്‍ക്കം സംഘട്ടനത്തില്‍ കലാശിച്ചു. സംഭവം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകനും മര്‍ദനമേറ്റു. സാരമായി പരിക്കേറ്റ മാതൃഭൂമി കുമരകം ലേഖകന്‍ എസ് ഡി റാമിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സി ഐ റ്റി യു യൂണിയനില്‍പ്പെട്ട തൊഴിലാളികളാണ് സർവീസ് നടത്തുവാൻ കഴിയാത്ത വിധം ബസിൽ കൊടി കെട്ടി സമരം നടത്തിയത്. ഇതിനെ തുടർന്ന് ഉടമ, ബസ് തടഞ്ഞിട്ടിരിക്കുന്നതിന് സമീപം ലോട്ടറി വില്പന നടത്തി. പിന്നീട് ഉടമ ഹൈക്കോടതിയിൽനിന്നും സർവീസ് നടത്തുന്നതിനുള്ള ഉത്തരവ് വാങ്ങി. എന്നാൽ കോടതി ഉത്തരവ് ഉണ്ടായിട്ടും സർവീസ് നടത്തുവാൻ യൂണിയൻ അനുവദിച്ചില്ലത്രേ. ഇതു സംബന്ധിച്ചുള്ള വാർത്ത റിപ്പോർട്ട് ചെയ്തതിന്‍റെ പേരിലാണ് തൊഴിലാളികള്‍ സംഘം ചേര്‍ന്ന് റാമിനെ ക്രൂരമായി മർദിച്ചത്. ചെവിക്ക് സാരമായ പരിക്കേറ്റ റാമിനെ കോട്ടയം ജില്ലാ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിക്കുകയായിരുന്നു.
പാലക്കാട്: കേരള പത്രപ്രവർത്തക യൂണിയൻ (കെജെയു) കോട്ടയം ജില്ലാ സെക്രട്ടറി കൂടിയായ റാമിന് നേരെയുണ്ടായ ആക്രമണത്തെ ഏഷ്യയിലെ ഏറ്റവും വലിയ മാധ്യമപ്രവർത്തകരുടെ സംഘടനയായ ഇന്ത്യൻ ജേണലിസ്റ്റ് യൂണിയൻ (ഐജെയു) ശക്തമായി അപലപിച്ചു. മാധ്യമസ്വാതന്ത്ര്യത്തിനും ആവിഷ്‌കാരസ്വാതന്ത്ര്യത്തിനും നേരെയുള്ള കടന്നാക്രമണമായതിനാൽ വിഷയത്തിൽ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഐജെയു ദേശീയ വൈസ് പ്രസിഡന്‍റ് ജി പ്രഭാകരൻ മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു.
കോട്ടയം: കോട്ടയം ജില്ലാ സെക്രട്ടറി എസ് ഡിറാമിനെ ആക്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കമെന്ന് കെ ജെ യു ജില്ലാകമ്മറ്റി സർക്കാരിനോടാവശ്യപ്പെട്ടു.സംഭവം അപലനീയമാണെന്നും മാധ്യമ സ്വാതത്രത്തിനു നേരേയുള്ള കടന്നാക്രമണമാണ് ഇതെന്നും സത്യാവസ്ഥ അന്വേഷിച്ച് കുറ്റക്കാർക്കെതിരെ കർശനനടപടി സ്വീകരിക്കണമെന്നും യോഗംആവശ്യപെട്ടു. മാധ്യമ പ്രവർത്തകർക്ക് നേരേ നിരന്തരം ഉണ്ടാകുന്ന ആക്രമണങ്ങളും കേസുകളും ജനാധിപത്യസംവിധാനത്തിന്‍റെ അപചയമാണെന്നും അതിനാൽ ഇത്തരം നടപടിആവർത്തിക്കാതിരിക്കുവാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
മാതൃഭൂമി ലേഖകൻ എസ്.ഡി.റാമിനെതിരെ നടന്ന ആക്രമണത്തിൽ കേരള പത്രപ്രവർത്ത യൂണിയൻ കോട്ടയം ജില്ലാ കമ്മിറ്റി പ്രതിക്ഷേധിച്ചു. കോട്ടയം തിരുവാർപ്പിൽ ബസ് ഉടമയ്ക്ക് എതിരെ സിഐടിയു യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ നടത്തിവന്നിരുന്ന സമരം സംബന്ധിച്ച വാർത്ത റിപ്പോർട്ട് ചെയ്ത് മടങ്ങുന്നതിനിടെയാണ് റാം ആക്രമിക്കപ്പെട്ടത്. പരിക്കേറ്റ റാമിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. റാമിനെ മർദ്ദിച്ചവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും, ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വേണ്ട നടപടികൾ പോലീസിന്റെ ഭാഗത്തു നിന്നുണ്ടാവണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു