24 June, 2023 02:48:02 PM
അരികൊമ്പനെ ഇനി മയക്കുവെടി വയ്ക്കരുത്; സുപ്രീം കോടതിയിൽ ഹർജി
ന്യൂഡല്‍ഹി: അരികൊമ്പനുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ വീണ്ടും ഹർജി. അരികൊമ്പന് ഇനി മയക്കുവെടി വയ്ക്കരുതെന്ന് ആവശ്യപ്പെട്ട് വാക്കിങ് ഐ ഫൗണ്ടേഷൻ എന്ന സംഘടനയാണ് ഹർജി ഫയൽ ചെയ്തത്. അരികൊമ്പനെ മയക്കുവെടിവെക്കരുതെന്നതിനൊപ്പം ചികിത്സ ഉറപ്പാണമെന്ന ആവശ്യവും ഹർജിയിലുണ്ട്. അഭിഭാഷകൻ ദീപക് പ്രകാശാണ് ഹർജി ഫയൽ ചെയ്തത്.
അതിനിടെ, തമിഴ്നാട്ടിലെ കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിൽ കഴിയുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. തമിഴ്നാട് വനംവകുപ്പ് പുറത്തു വിട്ട ചിത്രങ്ങൾ കണ്ട് രണ്ടാഴ്ച കൊണ്ട് ആന ക്ഷീണിതനായെന്ന പ്രചാരണം സാമൂഹ്യമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. എന്നാൽ ഇത് അടിസ്ഥാന രഹിതമാണെന്നും അരിക്കൊമ്പൻ പൂർണ ആരോഗ്യവാനാണെന്നുമാണ് തമിഴ്നാട് വനം വകുപ്പ് പറയുന്നത്.
കളക്കാട് മുണ്ടൻതുറൈ കടുവ സങ്കേതത്തിലെ കോതയാർ വലമേഖലയിൽ തുറന്നു വിട്ട അരിക്കൊമ്പന്‍റെ ദൃശ്യങ്ങള്‍ മൂന്നു തവണ തമിഴ്നാട് വനംവകുപ്പ് പുറത്തു വിട്ടിരുന്നു. ഇതിൽ കൊമ്പൻ തീറ്റതിന്നുന്നതും വെള്ളം കുടിക്കുന്നതുമൊക്കെ ഉണ്ടായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പുതിയ വനമേഖലയുമായി അരിക്കൊമ്പൻ ഇണങ്ങിക്കഴിഞ്ഞുവെന്നാണ് തമിഴ്നാട് വനംവകുപ്പ് വിശദീകരിച്ചിരുന്നത്.
അതേ സമയം ചിത്രങ്ങളിൽ നിന്നും ആന ക്ഷീണിതനാണെന്ന് വ്യക്തമാണെന്നാണ് മൃഗസ്നേഹികളും ആനപ്രേമികളുടെ സംഘടനയും വാദിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാണ് ദിവസങ്ങളായി നടക്കുന്നത്. ആനയുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ പുറത്തു വിടാൻ തമിഴ്നാട് വനംവകുപ്പ് തയ്യറാകണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
മുമ്പ് ദിവസവും പത്തു കിലോമീറ്ററിലധികം സഞ്ചരിച്ചിരുന്ന അരിക്കൊമ്പനിപ്പോൾ കുട്ടിയാർ ഡാമിനടുത്ത് മൂന്നു കിലോമീറ്ററോളം മാത്രമാണ് നടക്കുന്നത്. ആനക്ക് ചികിത്സ ആവശ്യമെങ്കിൽ നൽകാൻ തമിഴ്നാട് സർക്കാർ ഇടപെടണമെന്നും ചില സംഘടനകളും ആവശ്യപ്പെടുന്നുണ്ട്. ഇപ്പോഴുള്ള കാടിനു പുറത്തിറങ്ങാതിരിക്കാൻ എല്ലാ ശ്രമങ്ങളും തമിഴ്നാട് വനംവകുപ്പ് നടത്തുന്നുണ്ട്. അതിനായി അരിക്കൊമ്പനെ നിരീക്ഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. സംസ്ഥാന വനംവകുപ്പും സഞ്ചാര പഥം കൃത്യമായി വിലയിരുത്തുന്നുണ്ട്.