24 June, 2023 02:31:13 PM
കനിമൊഴി ബസില്‍ കയറി അഭിനന്ദിച്ചു; വനിതാ ഡ്രൈവറുടെ ജോലി നഷ്‌ടമായി
ചെന്നൈ: ഡിഎംകെ എം പിയും മുൻ മുഖ്യമന്ത്രി കരുണാനിധിയുടെ മകളുമായ കനിമൊഴിയെ ബസില്‍ കയറ്റിയതിന് പിന്നാലെ വനിതാ ഡ്രൈവറുടെ ജോലി പോയി. കോയമ്പത്തൂരില്‍ സ്വകാര്യ ബസ് ജീവനക്കാരിയായ എം ശർമിളയുടെ ജോലി ആണ് നഷ്ടമായത്. കോയമ്പത്തൂരിലെ ആദ്യ വനിതാ ബസ് ഡ്രൈവറായ 24കാരി ശർമിളയെ നേരിട്ട് അഭിനന്ദിക്കാനാണ് കനിമൊഴി എം പി എത്തിയത്.
ബസിൽ യാത്ര ചെയ്യുന്നതിനൊപ്പം മലയാളി കൂടിയായ ശർമിളയ്‌ക്ക് സമ്മാനങ്ങളും നൽകി സന്തോഷത്തോടെയാണ് കനിമൊഴി മടങ്ങിയത്. എന്നാൽ യാത്രക്കിടെ കനിമൊഴിയോട് ടിക്കറ്റ് ചോദിച്ച കണ്ടക്ടർക്കെതിരെ പരാതി പറയാൻ ചെന്ന ശർമിളയെ ബസ് ഉടമ ശകാരിച്ചു.
കനിമൊഴിയുടെ സന്ദർശനം അറിയിക്കാതിരുന്നതാണ് ഉടമയെ പ്രകോപിപ്പിച്ചത്. സ്വന്തം പ്രശസ്തിക്ക് വേണ്ടിയാണ് ശർമിള ഇത്തരത്തിൽ ചെയ്‌തതെന്നും ഇനി മുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് ഉടമ പറഞ്ഞതായി ശർമിള പറഞ്ഞു. സംഭവം വിവാദമായതോടെ ബസ് ഉടമയും രംഗത്തെത്തി. ജോലിയിൽ നിന്നും പുറത്താക്കിയിട്ടില്ലെന്നും ശർമിളയുടെ സ്വന്തം ഇഷ്‌ടപ്രകാരമാണ് ജോലി ഉപേക്ഷിച്ചതെന്നും ഉടമ പറഞ്ഞു.
അതേസമയം ശർമിളയെ സംരക്ഷിക്കുമെന്നും പുതിയ ജോലി ക്രമീകരിക്കുമെന്നും എംപി ഉറപ്പു നൽകി. കനിമൊഴി ശർമിളയ്‌ക്കൊപ്പം ബസിൽ യാത്ര ചെയ്യുന്നതിന്‍റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായി.