23 June, 2023 08:09:36 PM
ഇന്‍റർലോക്ക് നിർമ്മാണ സ്ഥാപനത്തിൽ മോഷണം: മൂന്നു യുവാക്കൾ അറസ്റ്റിൽ
കടുത്തുരുത്തി: ഇന്‍റർലോക്ക് നിർമ്മാണ സ്ഥാപനത്തിൽ നിന്നും സാധനസാമഗ്രികൾ മോഷ്ടിച്ച കേസിൽ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലറ പെരുംതുരുത്ത് കോലാടപറമ്പിൽ വീട്ടിൽ ജയലാൽ (31), മാഞ്ഞൂർ ഇരവിമംഗലം, ചിറയിൽ വീട്ടിൽ ( മാഞ്ഞൂർ മാൻവെട്ടം ഭാഗത്ത് വാടകയ്ക്ക് താമസം) വിപിൻ വിജയൻ (33), കിടങ്ങൂർ ചേർപ്പുങ്കൽ ചെമ്പിളാവ് ഭാഗത്ത് കൊല്ലപ്പള്ളിൽ വീട്ടിൽ ( കുറുപ്പന്തറയിൽ വാടകയ്ക്ക് താമസം) കൊച്ചുമോൻ എന്ന് വിളിക്കുന്ന ബിതിൻ തങ്കച്ചൻ (29) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്.
ഇവർ കഴിഞ്ഞ ദിവസം രാത്രി കല്ലറ പെരിയകുളങ്ങര ക്ഷേത്രത്തിനു സമീപം പ്രവർത്തിക്കുന്നശരണ്യ ഹൈഡ്രോളിക് ബ്രിക്സ് ആൻഡ് പാവിങ് ടൈൽ എന്ന സ്ഥാപനത്തിൽ കയറി ഷെഡിൽ സൂക്ഷിച്ചിരുന്ന കോൺക്രീറ്റ് മിക്സ്ചർ മെഷീന്‍റെ മൂന്ന് മോട്ടോറുകളും, ഇതിന്‍റെ ഹൈഡ്രോളിക് ഹോപ്പർ ജാക്കിയും, ടിപ്പർ ലോറിയുടെ നാല് സ്പ്രിംഗ് ലീഫുകളും മോഷ്ടിച്ചുകൊണ്ട് പോവുകയായിരുന്നു.
സ്ഥാപന ഉടമയുടെ പരാതിയെ തുടർന്ന് കടുത്തുരുത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശാസ്ത്രീയമായ പരിശോധനയിലൂടെ ഇവരാണ് മോഷ്ടാക്കൾ എന്ന് കണ്ടെത്തുകയും പിടികൂടുകയുമായിരുന്നു. കടുത്തുരുത്തി സ്റ്റേഷൻ എസ്.എച്ച്. ഓ സജീവ് ചെറിയാൻ, എസ്.ഐ സജിമോൻ എസ്.കെ, റോജിമോൻ, എ.എസ്.ഐ സജി, സി.പി.ഓ മാരായ ബിനോയ്, ജിനുമോൻ, സജയൻ, അജിത്ത് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.ഇവരെ കോടതിയില്‍ ഹാജരാക്കി.