22 June, 2023 08:45:06 AM
മോഷണ കുറ്റം ഏൽക്കാൻ പോലീസ് പീഡനം: യുവാവ് ട്രെയിനിന് മുന്നിൽ ചാടി ജീവനൊടുക്കി
അമരാവതി: ആന്ധ്രാപ്രദേശില്‍ പോലീസിനെതിരെ ഗുരുതര ആരോപണമുന്നയിച്ചതിന് പിന്നാലെ യുവാവ് ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. തോട്ടവീഥിയിലെ ദളിത് കോളനി നിവാസിയായ ചിന്ന ബാബു(23)വാണ് മരിച്ചത്. ഒരു ബൈക്ക് മോഷ്ടിച്ചതായി സമ്മതിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസ് തന്നെ പീഡിപ്പിച്ചുവന്ന് മരിക്കുന്നതിന് തൊട്ട് മുന്‍പ് പുറത്തുവിട്ട വീഡിയോയില്‍ ചിന്ന ബാബു ആരോപിച്ചു.
തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്നും പോലീസ് തന്നെ നന്ദയാല വൺ ടൗൺ പോലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയതായി ചിന്ന ബാബു പറയുന്നു. ബൈക്ക് മോഷണക്കേസിൽ കുറ്റസമ്മതം നടത്തണമെന്നും അല്ലാത്തപക്ഷം പതിവായി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് പോലീസ് ആവശ്യപ്പെട്ടതായി ചിന്ന ബാബു വീഡിയോയിലൂടെ ആരോപിച്ചു.
ഈ ആവശ്യം ഉന്നയിച്ച് പോലീസ് തന്നെ പീഡിപ്പിച്ചുവന്നും അദ്ദേഹം വ്യക്തമാക്കി. ബൈക്ക് മോഷണക്കേസിൽ തനിക്ക് പങ്കില്ല, പിന്നെ ഞാനെന്തിന് അത് ഏറ്റുപറയണം, മരിക്കുക മാത്രമാണ് തനിക്ക് മുന്നിലെ വഴിയെന്നും അദ്ദേഹം പുറത്തുവിട്ട വീഡിയോയിലൂടെ പറഞ്ഞു. എന്നാൽ ചിന്ന ബാബുവിന്റെ ആരോപണം നന്ദയാല ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സി. മഹേശ്വര റെഡ്ഡി നിഷേധിച്ചു. പ്രണയബന്ധം പരാജയപ്പെട്ടതിനാലാണ് അദ്ദേഹം ജീവനൊടുക്കിയതെന്ന് അദ്ദേഹം പറഞ്ഞു.