21 June, 2023 12:15:23 PM


തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗർഭാ​ഗ്യകരമായ സംഭവം- സുപ്രീം കോടതി



ന്യൂഡല്‍ഹി: ‍തെരുവുനായയുടെ കടിയേറ്റ് കുട്ടി മരിച്ചത് ഭൗർഭാ​ഗ്യകരമായ സംഭവമെന്ന് സുപ്രീം കോടതി. അക്രമകാരികളായ തെരുവുനായകളെ ദയാവധം ചെയ്യാൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് നൽകിയ ഹർജി പരിഗണിക്കുന്നത് ജൂലായ് 12ലേക്ക് മാറ്റി. 

കേസിൽ  കേന്ദ്രസർക്കാർ ഉൾപ്പെടെയുള്ള എതിർകക്ഷികൾക്ക് നോട്ടീസ് അയച്ചു. ജൂലായ് ഏഴിനകം മറുപടി നൽകണമെന്നും സുപ്രീംകോടതി നിർദ്ദേശിച്ചു. ഈ ഹർജി പരി​ഗണിക്കുന്നതിനിടെയാണ് കുട്ടി മരിച്ച സംഭവത്തിൽ സുപ്രീംകോടതി പരാമർശം നടത്തിയത്. 

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് അധ്യക്ഷ പി.പി. ദിവ്യയ്ക്കായി അഭിഭാഷകൻ കെ.ആർ സുഭാഷ് ചന്ദ്രനാണ് സുപ്രിം കോടതിയിൽ ഹർജി പരാമർശിച്ചത്. തെരുവുനായ ആക്രമണം രൂക്ഷമായ വിഷയമാണെന്നും തെരുവുനായയുടെ ആക്രമണത്തില്‍ ഓട്ടിസം ബാധിച്ച കുട്ടി നിഹാല്‍ മരിച്ച കാര്യം അഭിഭാഷകന്‍ കെ.ആര്‍. സുഭാഷ് ചന്ദ്രന്‍ സുപ്രീം കോടതിയില്‍ ചൂണ്ടിക്കാട്ടുകയായിരുന്നു. 

അടിയന്തര നടപടി ഈക്കാര്യത്തിൽ കോടതിയിൽ നിന്ന് ഉണ്ടാകണമെന്ന് അഭിഭാഷകൻ അഭ്യർത്ഥിച്ചു. തുടർന്നാണ് ഇത് നിര്‍ഭാഗ്യകരമായ സംഭവമാണെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, എം.എം. സുന്ദരേഷ് എന്നിവര്‍ അടങ്ങിയ ബെഞ്ച് വ്യക്തമാക്കിയത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K