20 June, 2023 07:49:54 PM
പെണ്‍കുട്ടിയെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച സന്യാസി അറസ്റ്റില്‍
വിശാഖപട്ടണം: പ്രായപൂർത്തിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന കേസിൽ വിചാരണ നേരിടുന്ന സന്യാസിക്കെതിരെ വീണ്ടും പീഡന പരാതി. സ്വാമി പൂർണാനന്ദയ്ക്കെതിരെയാണ് പെണ്‍കുട്ടി ആന്ധ്രാപ്രദേശിലെ സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ അന്വേഷിക്കുന്ന 'ദിശ'യില്‍ പരാത നല്‍കിയത്.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ രണ്ട് വര്‍ഷത്തോളം പീഡിപ്പിച്ച കേസിലാണ് സന്യാസി അറസ്റ്റിലായത്. വിശാഖപട്ടണത്തെ കോത വെങ്കോജിപ്പാലത്തുള്ള ജ്ഞാനാനന്ദ ആശ്രമത്തിലെ പൂര്‍ണാനന്ദ സ്വാമിയെയായണ് ആന്ധ്രാപ്രദേശ് പോലീസ് പോക്സോ കേസ് ചുമത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ രണ്ട് വര്‍ഷത്തോളമായി സ്വാമി തന്നെ പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതി നല്‍കിയതിനെത്തുടര്‍ന്ന് തിങ്കളാഴ്ചയാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
രാജമഹേന്ദ്രവാരം സ്വദേശിനിയാണ് പരാതിക്കാരി എന്ന് പോലീസ് അറിയിച്ചു. ഇര കുട്ടിയായിരിക്കുമ്പോള്‍ തന്നെ അവരുടെ മാതാപിതാക്കള്‍ മരിച്ചിരുന്നു. പ്രൈമറി സ്‌കൂള്‍ കാലഘട്ടത്തില്‍ ബന്ധുക്കള്‍ക്കൊപ്പമായിരുന്നു പെണ്‍കുട്ടി താമസിച്ചിരുന്നത്. എന്നാല്‍ രണ്ട് വര്‍ഷം മുമ്പ് ഇവര്‍ പെണ്‍കുട്ടിയെ ജ്ഞാനാനന്ദ ആശ്രമത്തില്‍ ചേര്‍ത്തു. പശുക്കളെ പോറ്റുക, പശുക്കളുടെ മാലിന്യം നീക്കം ചെയ്യുക തുടങ്ങിയവയൊക്കെയാണ് ആശ്രമത്തിന്‍റെ ചുമതലയുള്ള പൂര്‍ണാനന്ദ സ്വാമിജി പെണ്‍കുട്ടിക്ക് നല്‍കിയിരുന്ന ജോലി.
രാത്രിയില്‍ സന്യാസിയുടെ മുറിയിലേക്ക് ബലമായി കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. പെണ്‍കുട്ടിയെ മുറിയില്‍ ചങ്ങലകൊണ്ട് പൂട്ടിയിടുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തു. വെള്ളം കലര്‍ത്തി രണ്ട് സ്പൂണ്‍ ചോറ് മാത്രമാണ് ഇയാള്‍ പെണ്‍കുട്ടിക്ക് കഴിക്കാന്‍ നല്‍കിയിരുന്നത്. രണ്ടാഴ്ചയിലൊരിക്കല്‍ പെണ്‍കുട്ടി കുളിക്കണമെന്ന് നിബന്ധനയും ഉണ്ടായിരുന്നു. എന്നാല്‍ ബാത്ത്‌റൂമില്‍ പോയി കുളിക്കാന്‍ പെണ്‍കുട്ടിയെ അനുവദിച്ചിരുന്നില്ല, ഇതിന് പകരം ഒരു ബക്കറ്റ് മാത്രമാണ് നല്‍കിയിരുന്നത്. ഇത്തരത്തില്‍ രണ്ട് വര്‍ഷത്തോളം തന്നെ ഇയാള്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
പീഡനം സഹിക്കാതെ വന്നതോടെ ജൂണ്‍ 13ന് പെണ്‍കുട്ടി ജോലിക്കാരിയുടെ സഹായത്തോടെ ആശ്രമത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തിരുമല എക്സ്പ്രസ്സില്‍ കയറി രക്ഷപ്പെട്ട പെണ്‍കുട്ടി ട്രെയിനിലുണ്ടായിരുന്ന ഒരു വനിതാ യാത്രക്കാരിയോട് ഇതിനെക്കുറിച്ച് പറഞ്ഞു. ഈ വ്യക്തിയാണ് പെണ്‍കുട്ടിയെ കൃഷ്ണ ജില്ലയിലെ കങ്കിപ്പാടിലുള്ള ഹോസ്റ്റലിലാക്കാന്‍ ശ്രമിച്ചത്.
എന്നാല്‍ പോലീസ് സ്റ്റേഷനില്‍ നിന്നുള്ള ഉത്തരവ് ലഭിക്കുന്നതിന് അനുസരിച്ചേ പ്രവേശനം നല്‍കാന്‍ സാധിക്കുകയുളളുവെന്ന് ഹോസ്റ്റല്‍ അധികൃതര്‍ അറിയിച്ചു. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയും യുവതിയും കങ്കിപ്പാട് പൊലീസ് സ്റ്റേഷനെ സമീപിക്കുകയും അവിടുന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ (സിഡബ്ല്യുസി) കാണുകയും അവരോട് പെണ്‍കുട്ടി ഇക്കാര്യം തുറന്ന് പറയുകയുമായിരുന്നു.
സിഡബ്ല്യുസി അധികൃതര്‍ പെണ്‍കുട്ടിയെ വിജവാഡയിലെ ദിശ പോലീസ് സ്റ്റേഷനിലേക്ക് അയക്കുകയും, അവിടുത്തെ പോലീസ് സ്വാമിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. തുടര്‍ന്ന് വൈദ്യപരിശോധനയ്ക്കായി പെണ്‍കുട്ടിയെ വിജയവാഡയിലെ പഴയ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് അയച്ചു. തുടര്‍നടപടികള്‍ക്ക് ശേഷം തിങ്കളാഴ്ച അര്‍ദ്ധരാത്രിയോടെ വിശാഖപട്ടണം പോലീസ് സ്വാമിജിയെ അറസ്റ്റ് ചെയ്തു.
എന്നാല്‍ പെണ്‍കുട്ടിയുടെ പരാതി വ്യാജമാണെന്നും ആശ്രമത്തിന്‍റെ ഭൂമി തട്ടിയെടുക്കാന്‍ ചിലര്‍ തനിക്കെതിരെ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്നും സ്വാമിജി ആരോപിച്ചു. കേസില്‍ തന്‍റെ നിരപരാധിത്വം തെളിയിക്കാന്‍ നിയമപോരാട്ടം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. ജൂണ്‍ 15 ന് ആശ്രമത്തില്‍ നിന്ന് പെണ്‍കുട്ടിയെ കാണാതായത് സംബന്ധിച്ച് പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൂര്‍ണാനന്ദ സ്വാമി പറഞ്ഞു.