18 June, 2023 12:15:40 PM
മന്ത്രിയും എംഎൽഎയും പൊതുവേദിയിൽ ഏറ്റുമുട്ടി: കളക്ടറെ തള്ളി താഴെയിട്ടു
ചെന്നൈ: തമിഴ്നാട് രാമനാഥപുരത്ത് ഡിഎംകെ മന്ത്രി രാജ കണ്ണപ്പനും മുസ്ലീം ലീഗ് എംപി നവാസ് ഖന്നിയും പൊതുവേദിയില്‍വച്ച് ഏറ്റുമുട്ടി. ഇരുവരുടെയും അനുയായികളും ചേരി തിരിഞ്ഞ് ഏറ്റുമുട്ടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. ശനിയാഴ്ച വൈകുന്നേരം സ്വകാര്യ സ്കൂളില്‍ നടന്ന അവാര്‍ഡ്ദാന ചടങ്ങിനിടെയാണ് സംഭവം.
തനിക്ക് മറ്റൊരു പരിപാടിയുള്ളതിനാല്‍ വൈകുന്നേരം മൂന്നിന് നിശ്ചയിച്ച പരിപാടി നേരത്തെ തുടങ്ങണമെന്ന് മന്ത്രി ആവശ്യപ്പെടുകയായിരുന്നു. ഇതോടെ പറഞ്ഞ സമയത്തിന് മുമ്പ് തന്നെ ചടങ്ങ് തുടങ്ങി. ഇതിനിടെയാണ് നവാസ് ഖന്നി എത്തിയത്. താന്‍ എത്തുന്നതിന് മുമ്പ് പരിപാടി തുടങ്ങിയത് എന്തിനാണെന്ന് എംപി ചോദിച്ചതോടെ ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഇതോടെ ഇരുവിഭാഗത്തെയും പാര്‍ട്ടി പ്രവര്‍ത്തകര്‍ തമ്മില്‍ കൈയാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു.
ഇവരെ തടയാന്‍ ശ്രമിച്ച ജില്ലാ കളക്ടര്‍ വിഷ്ണു ചന്ദ്രനെ തള്ളി താഴെയിട്ടു. പിന്നീട് പോലീസ് എത്തി ഇരുവിഭാഗത്തെയും അനുനയിപ്പിച്ചാണ് പ്രശ്നം പരിഹരിച്ചത്. തമിഴ്നാട്ടിൽ ഡിഎംകെ സഖ്യത്തിലുള്ള പാർട്ടിയാണ് മുസ്ലീം ലീഗ്. അവാര്‍ഡ്ദാന ചടങ്ങ് നേരത്തെ തുടങ്ങിയതിന് കളക്ടര്‍ക്കെതിരെ എംപി ചീഫ് സെക്രട്ടറിക്ക് പരാതി നല്കി. കളക്ടറെ തള്ളി താഴെയിട്ടതിന് പോലീസ് കേസെടുത്തിട്ടുണ്ട്.