17 June, 2023 06:48:01 PM
അതിരമ്പുഴ ചന്തകുളത്തിലൂടെ ഇനി തെളിനീരൊഴുകും: പായലും പോളയും നീക്കാൻ നടപടി
ഏറ്റുമാനൂര്‍: മാലിന്യവും പോളയും നിറഞ്ഞ അതിരമ്പുഴയിലെ ചന്തക്കുളം തോടിലൂടെ ഇനി തെളിനീരൊഴുകും. ദേശീയ ജലപാതയിൽ ഉൾപ്പെട്ട പെണ്ണാർ തോടിന്‍റെ ഭാഗമാണ് ചന്തക്കുളം. ആദ്യഘട്ടത്തിൽ യന്ത്രമുപയോഗിച്ച് പായലും പോളയും മാറ്റും. പ്രാരംഭ പ്രവർത്തനങ്ങൾക്കായി 40,000 രൂപ അനുവദിച്ചതായി അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തിൽ പറഞ്ഞു.
പെണ്ണാർ തോടിലും മാലിന്യം വലിച്ചെറിയുന്നത് നിത്യസംഭവമാണ്. പെണ്ണാർതോട് ശുചീകരിക്കുന്നതിനും ഉത്തരവാദിത്ത ടൂറിസത്തിൽ ഉൾപ്പെടുത്തി നവീകരിക്കുന്നതിനും പഞ്ചായത്ത് ഭരണസമിതി ഡി.റ്റി.പി.സി.ക്ക് നിവേദനം നൽകും.
ഇതു സംബന്ധിച്ച് പഞ്ചായത്ത് ഓഫീസിൽ നടന്ന യോഗത്തിൽ അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് സജി തടത്തിൽ അധ്യക്ഷത വഹിച്ചു.
വൈസ് പ്രസിഡന്‍റ് ആലിസ് ജോസഫ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ഹരിപ്രകാശ്, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷൻ ജെയിംസ് തോമസ്, ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷ ഫസീന സുധീർ എന്നിവർ പ്രസംഗിച്ചു.