17 June, 2023 06:37:39 PM


വായനപക്ഷാചരണം: കോട്ടയത്ത് വിപുലപരിപാടികൾ; ജില്ലാതല ഉദ്ഘാടനം 19ന് കാഞ്ഞിരപ്പള്ളിയിൽ



കോട്ടയം: വായനപക്ഷാചരണത്തിന്‍റെ ഭാഗമായി കോട്ടയം   ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിക്കും. ഗ്രന്ഥശാല പ്രസ്ഥാനത്തിന്‍റെ അമരക്കാരനായ പി.എൻ. പണിക്കരുടെ ചരമദിനമായ ജൂൺ 19ന് വായനദിനത്തിൽ പരിപാടികൾക്ക് തുടക്കമാകും. 19ന് രാവിലെ 10ന് സ്‌കൂളുകളിലും കോളജുകളിലും വായനദിന പ്രതിജ്ഞയെടുക്കും. 

വായന പക്ഷാചരണ കാലയളവിൽ പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ സ്‌കൂളുകളിൽ പദമത്സരം, അക്ഷരശ്ലോകം, ക്വിസ്, പ്രസംഗം, ചിത്രരചന, കഥാകഥനം മത്സരങ്ങൾ, വായനക്കളരി, പുസ്തകപരിചയം, സെമിനാറുകൾ, ഗ്രന്ഥകാരന്മാരുമായി സംവാദം, ഡിജിറ്റൽ വായന പരിശീലനം തുടങ്ങി വിവിധ പരിപാടികൾ സംഘടിപ്പിക്കും. 

സ്‌കൂളുകളിലെ ലൈബ്രറികൾ വിപുലപ്പെടുത്താനായി 'ഒരു പുസ്തകം സംഭാവന ചെയ്യൂ' പ്രചാരണ പരിപാടിയും സംഘടിപ്പിക്കും. വായനദിന പരിപാടികളിൽ ലഹരി-മയക്കുമരുന്ന് വിരുദ്ധ പ്രചാരണത്തിനും പ്രാമുഖ്യം നൽകും.
ജില്ലാ ലൈബ്രറി കൗൺസിലിന്‍റെ നേതൃത്വത്തിൽ ലൈബ്രറികളിൽ രണ്ടാഴ്ച നീളുന്ന പരിപാടികൾ സംഘടിപ്പിക്കും.

എല്ലാ ദിവസവും അനുസ്മരണം അടക്കമുള്ള പരിപാടികൾ നടക്കും. ഉന്നതവിദ്യാഭ്യാസ വകുപ്പിന്‍റെ നേതൃത്വത്തിൽ കോളജുകളിൽ പക്ഷാചരണ പരിപാടികൾ സംഘടിപ്പിക്കും. സാക്ഷരത മിഷന്‍റെ നേതൃത്വത്തിൽ തുടർവിദ്യാകേന്ദ്രങ്ങളിൽ വായനദിനാഘോഷം നടക്കും. 

തുല്യത പഠിതാക്കൾക്കായി വിവിധ മത്സരങ്ങൾ നടക്കും. തുല്യതപഠനകേന്ദ്രങ്ങളിൽ സെമിനാറുകൾ, ചർച്ചകൾ എന്നിവ സംഘടിപ്പിക്കും. പി.എൻ. പണിക്കർ ഫൗണ്ടേഷന്‍റെ ആഭിമുഖ്യത്തിൽ ക്വിസ്, അക്ഷരശ്ലോകം മത്സരങ്ങളും വായനക്കളരികളും സംഘടിപ്പിക്കും.

വായനദിനം-പക്ഷാചരത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ജൂൺ 19ന് രാവിലെ 11.30ന് കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമനിക് ഹയർസെക്കൻഡറി സ്‌കൂളിൽ നടക്കും. സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ആധ്യക്ഷ്യം വഹിക്കും. ആന്‍റോ ആന്‍റണി എം.പി. മുഖ്യപ്രഭാഷണം നടത്തും. ജില്ലാ കളക്ടർ വി. വിഗ്നേശ്വരി വായനദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും. കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് അജിത രതീഷ് വായനദിന സന്ദേശം നൽകും. 


ജില്ലാ പഞ്ചായത്ത് അഡ്വ. ശുഭേഷ് സുധാകരൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.ആർ. തങ്കപ്പൻ, ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷ ജെസ്സി ഷാജൻ, ബ്ലോക്ക് പഞ്ചായത്തംഗം ജോളി മടുക്കക്കുഴി, ഗ്രാമപഞ്ചായത്തംഗം ബിജു പത്യാല, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ബാബു കെ. ജോർജ്ജ്, പി.എൻ. പണിക്കർ ഫൗണ്ടേഷൻ പി.ജി.എം. നായർ, ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ, ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. എൻ. ചന്ദ്രബാബു,കോളജിയറ്റ് എജ്യുക്കേഷൻ ഡെപ്യൂട്ടി ഡയറക്ടർ ഡോ. ആർ. പ്രഗാഷ്, ഹയർസെക്കൻഡറി റീജണൽ ഡെപ്യൂട്ടി ഡയറക്ടർ കെ.ആർ. ഗിരിജ, പൊതുവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ സുബിൻ പോൾ, സാക്ഷരത മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ഡോ. വി.വി. മാത്യു, കാഞ്ഞിരപ്പള്ളി ഡി.ഇ.ഒ. പി.എച്ച്. ഷൈലജ, സെന്റ് ഡൊമനിക് എച്ച്.എസ്. ഹെഡ്മാസ്റ്റർ പി.ജെ. തോമസ്, പ്രിൻസിപ്പൽ ഡോ. ബിനോയ് എം. ജേക്കബ് എന്നിവർ പങ്കെടുക്കും.

വായനദിന പ്രതിജ്ഞ

ഞാൻ വായനയിലൂടെയും, ഡിജിറ്റൽ വായനയിലൂടെയും വായിച്ചു വളർന്ന്, ഭാരതത്തിന്‍റെ അഖണ്ഡതയും, സംസ്‌ക്കാരവും ഉയർത്തുവാൻ വേണ്ട പ്രവർത്തനങ്ങളിൽ സജീവമായി പങ്കുചേരും. തീവ്രവാദത്തിനും, മതമൗലികവാദത്തിനും എതിരേ പ്രതികരിക്കുകയും, മദ്യം-മയക്കുമരുന്ന്, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടങ്ങിയവയ്‌ക്കെതിരേ ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യും. വിനാശകരമായി വളർന്നുവരുന്ന അഴിമതിയും അനീതിയും തുടച്ച് നീക്കുവാൻ കഴിയുന്നവിധം പരിശ്രമിക്കും.

ഭാരതത്തിലെ നിയമവ്യവസ്ഥകൾ ശരിയാവണ്ണം പാലിക്കുകയും, ശാന്തിയും സമാധാനവും, സുരക്ഷിതത്വമുള്ള അന്തരീക്ഷം നിലനിർത്താൻ പൂർണമായി പ്രയത്നിക്കുകയും ചെയ്യും. നമ്മുടെ അമൂല്യ സമ്പത്തായ സൗരോർജ്ജം, ശുദ്ധജലം, പരിസ്ഥിതി മുതലായവ ശരിയായും, സ്വച്ഛമായും ഉപയോഗപ്പെടുത്തും. എന്റെ രാജ്യത്തെ ലോകരാഷ്ട്രങ്ങളുടെ മുൻപന്തിയിൽ എത്തിക്കാൻ വേണ്ടി പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കുകയും അതിനുവേണ്ടി മറ്റുള്ളവരെ പ്രേരിപ്പിക്കുകയും ചെയ്യും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K