16 June, 2023 02:41:29 PM
വൈക്കത്ത് മൂന്ന് സർക്കാർ ഓഫീസുകളിൽ മോഷണശ്രമം; കള്ളന് ആകെ കിട്ടിയത് 230 രൂപ
വൈക്കം: വീടുകളും വ്യാപാരസ്ഥാപനങ്ങളും കുത്തിതുറന്ന് മോഷണം നടത്തുന്ന പതിവുരീതി വിട്ട് സര്‍ക്കാര്‍ ഓഫീസില്‍ കയറിയ മോഷ്ടാവിന് നിരാശ ഫലം. വൈക്കത്തിനടുത്ത് മറവന്തുരത്തിലെ മൂന്ന് സർക്കാർ ഓഫീസുകള്‍ മോഷണത്തിനായി തിരഞ്ഞെടുത്ത കള്ളന് ആകെ കിട്ടിയത് 230 രൂപ മാത്രം. ഓഫീസുകളിലൊന്നും തന്നെ കാര്യമായി പണം സൂക്ഷിക്കാതിരുന്നതാണ് കള്ളന് തിരിച്ചടിയായത്.
കിഫ്ബി പദ്ധതിയുടെ കോട്ടയം, ഇടുക്കി ജില്ലകളിലെ പ്രവർത്തനത്തിന് നേതൃത്വം നൽകുന്ന ജില്ലാ ഓഫീസ്, കുലശേഖരമംഗലം സ്മാർട് വില്ലേജ് ഓഫീസ്, മറവന്തുരുത്ത് മൃഗാശുപത്രി എന്നിവിടങ്ങിൽ ആയിരുന്നു മോഷണ ശ്രമം നടന്നത്. ഷട്ടർ കുത്തിപ്പൊളിച്ചും വാതിൽ തകർത്തും ആയിരുന്നു കള്ളന്‍ അകത്തുകടന്നത്.
വില്ലേജ് ഓഫീസിന്‍റെ ഷട്ടർ കുത്തിപ്പൊളിച്ചു. കിഫ്ബി ഓഫീസിന്‍റെ വാതിൽ ആണ് തകർത്തത്. മേശയും അലമാരയുമെല്ലാം വലിച്ചുവാരിയിട്ട നിലയിലായിരുന്നു. ഫയലുകളൊന്നും പോയിട്ടില്ലെന്നാണ് പ്രാഥമിക വിവരം. എന്നാല്‍ ഇവിടെ നിന്നൊന്നും പണമോ വിലപിടിച്ച വസ്തുക്കളോ കള്ളന് ലഭിച്ചില്ല.
സമീപത്തുള്ള മൃഗാശുപത്രിയില്‍ മേശവലിപ്പിലുണ്ടായിരുന്ന 230 രൂപയാണ് കള്ളന് ആകെ ലഭിച്ചത്. മറ്റൊന്നും നഷ്ടപ്പെട്ടതായി വിവരമില്ല. ശ്വാനസേനയും ഫോറൻസിക് വിദഗ്ധരും മോഷണം നടന്ന സ്ഥലത്ത് എത്തി തെളിവെടുത്തു. മൂന്നിടത്തും കയറിയത് ഒരാളു തന്നെയാണെന്നാണ് പോലീസ് കരുതുന്നത്.