16 June, 2023 10:06:33 AM
ഡല്‍ഹിയിലും പഞ്ചാബിലും കോണ്‍ഗ്രസ് മത്സരിക്കരുത് : ഉപാധിയുമായി എ എ പി മന്ത്രി
ന്യൂഡൽഹി: നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കാനൊരുങ്ങി ആംആദ്മി പാര്‍ട്ടി. ഡല്‍ഹിലും പഞ്ചാബിലും കോണ്‍ഗ്രസ് മത്സരിക്കരുതെന്നാണ് ആവശ്യം. പകരം മധ്യപ്രദേശിലും രാജസ്ഥാനിലും എഎപി മത്സരിക്കില്ലെന്നാണ് ഉപാധി. എഎപി മന്ത്രിയും പാര്‍ട്ടിയുടെ ദേശീയ വക്താവുമായ സൗരഭ് ഭരദ്വാജ് ആണ് ഉപാധിയുമായി മുന്നോട്ട് വന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ഡല്‍ഹിയില്‍ ലഭിച്ചത് പൂജ്യം സീറ്റാണെന്ന കാര്യം ഓര്‍ക്കണമെന്നും മന്ത്രി പറഞ്ഞു. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒറ്റക്കെട്ടായി നിന്നില്ലെങ്കില്‍ ഇനിയൊരു തെരഞ്ഞെടുപ്പ് രാജ്യത്ത് ഉണ്ടാകുമെന്നു തോന്നുന്നില്ലെന്ന് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വീണ്ടും പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ മോദി ഇന്ത്യയുടെ ഭരണഘടന തന്നെ മാറ്റും. ജീവിച്ചിരിക്കുന്നിടത്തോളം കാലം ഇന്ത്യയുടെ രാജാവായി മോദി സ്വയം പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.