16 June, 2023 08:45:15 AM
നെഹ്റു 'ഔട്ട്': തീൻമൂർത്തി ഭവൻ ഇനി പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് സൊസൈറ്റി
ന്യൂഡൽഹി: ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ സ്മരണയ്ക്കായി അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയായിരുന്ന തീൻമൂർത്തി ഭവനിൽ സ്ഥാപിച്ച മ്യൂസിയത്തിന്റെ "തലവര' മാറ്റി കേന്ദ്ര സർക്കാർ. നെഹ്റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറി(എന്‍എംഎംഎൽ) എന്ന പേര് മാറ്റി പ്രൈം മിനിസ്റ്റേഴ്സ് മ്യൂസിയം ആൻഡ് സൊസൈറ്റി എന്നാക്കി പരിഷ്കരിച്ചു. വ്യാഴാഴ്ച ചേർന്ന എന്‍എംഎംഎൽ സൊസൈറ്റിയുടെ പ്രത്യേക യോഗത്തിലാണ് പുതിയ തീരുമാനം എത്തിയത്.
സൊസൈറ്റിയുടെ ഉപാധ്യക്ഷനായ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിന്റെ സാന്നിധ്യത്തിലാണ് പേരുമാറ്റ തീരുമാനം എടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് സമിതിയുടെ ചെയർമാൻ. പ്രധാനമന്ത്രി എന്നാൽ അതിപ്രധാനമായ ഒരു പദവി ആണെന്നും മഴവില്ലിലെ എല്ലാ നിറങ്ങൾക്കും ഒരേ പ്രാധാന്യം നൽകുന്ന പോലെ രാജ്യത്തെ 13 പ്രധാനമന്ത്രിമാരുടെയും ഭരണകാലത്തിന്റെ അടയാളങ്ങൾ മ്യൂസിയത്തിൽ ഉൾപ്പെടുത്തുമെന്നും യോഗം അറിയിച്ചു.
ബ്രിട്ടീഷ് ഭരണകാലത്ത് കമാൻഡർ ഇൻ ചീഫിന്റെ വസതിയായിരുന്ന തീൻമൂർത്തി ഭവനിലാണ് 1947-ൽ അധികാരമേറ്റെടുക്കുന്നത് മുതൽ 1964-ൽ മരണപ്പെടുന്നത് വരെ നെഹ്റു വസിച്ചിരുന്നത്. തുടർന്ന് 1964 നവംബറിൽ തീൻമൂർത്തി ഭവനിനെ നെഹ്റു മെമ്മോറിയൽ മ്യൂസിയമായി സർക്കാർ പ്രഖ്യാപിക്കുകയായിരുന്നു. 2016-ൽ പ്രധാനമന്ത്രി മോദിയാണ് തീൻമൂർത്തി ഭവനിനെ എല്ലാ പ്രധാനമന്ത്രിമാർക്കുമുള്ള മ്യൂസിയമാക്കി മാറ്റിയത്. ഈ നടപടിക്കെതിരെ മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് അടക്കമുള്ളവർ രംഗത്തെത്തിയിരുന്നു.