14 June, 2023 10:12:18 AM
ഇഡി അറസ്റ്റ് ചെയ്ത തമിഴ്നാട് മന്ത്രി സെന്തിൽ ബാലാജിയ്ക്ക് നെഞ്ചു വേദന
ചെന്നൈ: തമിഴ്നാട് വൈദ്യുതിമന്ത്രി മന്ത്രി വി. സെന്തില്‍ ബാലാജിയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. ജയലളിത സർക്കാരിൽ മന്ത്രിയായിരിക്കെ ജോലിക്ക് കൈക്കൂലി വാങ്ങിയെന്നാണ് കേസ്. 17 മണിക്കൂർ ചോദ്യം ചെയ്ത ശേഷം ആണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
മന്ത്രിയുടെ ഓഫീസിലും വീട്ടിലും ഇഡി ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു. അറസ്റ്റ് പിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട സെന്തിൽ ബാലാജിയെ ആശുപത്രിയിലേക്ക് മാറ്റി. മന്ത്രിയുടെ അറസ്റ്റിൽ പ്രതിഷേധവുമായി ഡിഎംകെ രംഗത്തെത്തിയിട്ടുണ്ട്.
അറസ്റ്റ് നിയമവിരുദ്ധമെന്നും നിയമപരമായി നേരിടുമെന്നും ഭരണകക്ഷിയായ ഡിഎംകെ പറഞ്ഞു. ഉദയ്നിധി സ്റ്റാലിൻ ഉൾപ്പെടെയുള്ള മന്ത്രിമാർ ആശുപത്രിയിൽ എത്തി. ബിജെപി വിരട്ടിയാൽ പേടിക്കില്ലെന്ന് ഉദയ്നിധി സ്റ്റാലിൻ പ്രതികരിച്ചു.
സെക്രട്ടറിയറ്റിൽ ബാലാജിയുടെ ഓഫീസിലടക്കം കഴിഞ്ഞദിവസം ഇഡി റെയ്ഡ് നടത്തിയിരുന്നു. ജന്മനാടായ കരൂരിലും വിശദപരിശോധനകളുണ്ടായിരുന്നു. എക്സൈസ് വകുപ്പിന്റെ ചുമതലയും ബാലാജി നിർവഹിക്കുന്ന സാഹചര്യത്തിൽ സർക്കാർ മദ്യവിൽപ്പന സംവിധാനമായ ടസ്മാക്കിലും പരിശോധന നടത്തിയിരുന്നു.
2011-15 കാലഘട്ടത്തില്‍ ജയലളിതയുടെ നേതൃത്വത്തിലുള്ള എഐഎഡിഎംകെ സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരുന്നു ബാലാജി. ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുകളില്‍ ഡ്രൈവര്‍മാരായും കണ്ടക്ടര്മാരായും നിയമനം നല്‍കുന്നതിന് വന്‍തുക കൈക്കൂലി വാങ്ങിയതായും ബാലാജിക്കെതിരെ പരാതി ഉയർന്നിരുന്നു.