13 June, 2023 09:30:20 PM
അനധികൃത ക്വാറി ഉത്പന്നങ്ങൾ കയറ്റിയ 13 ടോറസ് ലോറികളും 4 ടിപ്പറുകളും പിടിച്ചെടുത്തു
കോട്ടയം: ജില്ലയിൽ വ്യാപകമായി അധികൃതരുടെ ഒത്താശയോടെ അളവിൽ കൂടുതൽ ക്വാറി ഉത്പന്നങ്ങൾ കയറ്റിക്കൊണ്ടുപോകുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഇന്ന് വിവിധ സ്ഥലങ്ങളിൽ വിജിലൻസ് & ആന്‍റി കറപ്ഷൻ ബ്യൂറോ കോട്ടയം ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിന്‍റെ നേതൃത്വത്തിൽ മിന്നൽ പരിശോധന നടത്തി.
ചങ്ങനാശ്ശേരി - വാഴൂർ റോഡ്, നെടുംകുന്നം, എരുമേലി - മുക്കട റോഡ്, കൂട്ടിക്കൽ, പാല - പൊൻകുന്നം റോഡ്, പൂവരണി, പൈക, കുറവിലങ്ങാട് - കോഴ എന്നിവടങ്ങളിൽ നടന്ന പരിശോധനയിൽ നിയമാനുസൃത പാസില്ലാത്തതും അമിതഭാരം കയറ്റിയതും ഉപയോഗിച്ച പാസ്സ് വീണ്ടും ഉപയോഗിച്ചിട്ടുള്ളതുമായി ബന്ധപ്പെട്ട് 13 ടോറസ് ലോറികളും 4 ടിപ്പറുകളും പിടിച്ചെടുത്തു.
മിന്നൽ പരിശോധനവേളയിൽ തന്നെ 9 വാഹന ഉടമകളിൽ നിന്നും 3,75,000/- രൂപാ ആര്‍റ്റിഒ/ജില്ലാ ജിയോളജി ഓഫീസ് മുഖാന്തിരം പിഴയിനത്തിൽ ഈടാക്കി . മറ്റ് വാഹനങ്ങൾ നിയമാനുസൃത പാസില്ലാത്തതു സംബന്ധിച്ച് ഫൈൻ ഈടാക്കുന്നതിന് RTO കോട്ടയത്തിനും അമിതഭാരം കയറ്റിയതുമായി ബന്ധപ്പെട്ട് ഫൈൻ ഈടാക്കുന്നതിന് മൈനിംഗ് & ജിയോളജി വകുപ്പ് കോട്ടയത്തിനും കത്ത് നൽകി. ബന്തവസ്സിലെടുത്ത വാഹനങ്ങൾ കറുകച്ചാൽ, പൊൻകുന്നം, മണിമല, കുറവിലങ്ങാട് പോലീസ് സ്റ്റേഷനുകളിലേയ്ക്ക് കൈമാറി.
കോട്ടയം ജില്ലയിൽ വ്യാപകമായി അധികൃതരുടെ ഒത്താശയോടെ അളവിൽ കൂടുതൽ ക്വാറി ഉത്പന്നങ്ങൾ കയറ്റിക്കൊണ്ടുപോകുന്നുവെന്നുള്ള രഹസ്യ വിവരത്തിന്മേൽ വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്‍റെ ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ വിജിലൻസ് കിഴക്കൻമേഖല പോലീസ് സൂപ്രണ്ട് വി. ജി. വിനോദ് കുമാറിന്‍റെ മേൽനോട്ടത്തിൽ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് വി. ആർ രവികുമാറിന്‍റെ നേതൃത്വത്തിൽ ഉള്ള സംഘമാണ് മിന്നൽ പരിശോധന നടത്തിയത്.
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി. പി. വി. മനോജ്കുമാർ, പോലീസ് ഇൻസ്പെക്ടർമാരായ ബിജുകുമാർ ഡി., പ്രദീപ് എസ്., രമേഷ് ജി, സബ്ബ് ഇൻസ്പെക്ടർമാരായ സ്റ്റാൻലി തോമസ്, അനിൽകുമാർ എം. ആർ., പ്രസാദ് കെ. സി. പ്രദീപ് പി. എൻ, സാബു വി. റ്റി., ഗോപകുമാർ പി., ബിജു കെ. ജി. ജെയ്മാൻ വി. എം. അസി. സബ്ബ് ഇൻസ്പെക്ടർമാരായ അനിൽ കുമാർ കെ. എസ്. രാജീവ് എം. ആർ. വിജുമോൻ കെ. കെ., അനൂപ് കെ. എ. സുരേഷ് കെ. ആർ. സൂരജ് എ. പി., പോലീസ് ഓഫീസർമാരായ അനിൽ കെ. സോമൻ എന്നിവരും ഉണ്ടായിരുന്നു.