13 June, 2023 01:52:13 PM
ജുഹു ബീച്ചില്‍ കാണാതായ 3 കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി
മുംബൈ: ജുഹു ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ മൂന്നു കുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. 16 വയസുള്ള കുട്ടിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. തിരയിൽപ്പെട്ട് കാണാതായ മറ്റുകുട്ടികൾക്കായി തിരച്ചിൽ തുടരുകയാണ്.
തിങ്കളാഴ്ച ബീച്ചിൽ കുളിക്കുന്നതിനിടെ അഞ്ചംഗസംഘമാണ് തിരയിൽപ്പെട്ടത്. ഇതിൽ രണ്ടുപേരെ നേരത്തെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു.
12നും 16 നും ഇടയിൽ പ്രയമുള്ള കുട്ടികളെയാണ് കാണാതായത്. രണ്ടുപേർക്കായുള്ള തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്. നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്‍റെയും മുങ്ങൽ വിദഗ്ധർ സ്ഥലത്തെത്തിയിട്ടുണ്ട്. ബിപോർജോയ് ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് ജുഹുവിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.