12 June, 2023 11:48:11 AM
ബ്രിജ് ഭൂഷണിനെതിരെ തെളിവുകള്‍ ഹാജരാക്കി ഗുസ്തി താരങ്ങള്‍
ന്യൂഡല്‍ഹി: ഗുസ്തി ഫെഡറേഷന്‍ മുന്‍ അധ്യക്ഷനും ലോക്സഭാംഗവുമായ ബ്രിജ് ഭൂഷണിനെതിരെ ലൈംഗികാതിക്രമക്കേസ് നല്‍കിയ വനിതാ ഗുസ്തിതാരങ്ങള്‍ തെളിവുകള്‍ ഹാജരാക്കി. പരാതികളുമായി ബന്ധപ്പെട്ട അനുബന്ധ തെളിവുകളായി ചിത്രങ്ങള്‍, വീഡിയോകള്‍, വാട്സാപ്പ് ചാറ്റ് സന്ദേശങ്ങള്‍ എന്നിവയാണ് ഹാജരാക്കിയത്. പൊലീസ് നിര്‍ദേശത്തെ തുടര്‍ന്നാണ് നടപടി.
ബ്രിജ് ഭൂഷണിനെതിരായ നടപടിയില്‍ തീരുമാനമെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഈ മാസം പതിനഞ്ച് വരെയാണ് ഗുസ്തി താരങ്ങള്‍ സമയം നല്‍കിയിരിക്കുന്നത്. പതിനഞ്ചിനകം നടപടിയുണ്ടായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഗുസ്തി താരങ്ങള്‍ അറിയിച്ചിട്ടുണ്ട്.
ഇതിനിടെ ഗുസ്തി താരങ്ങള്‍ കേന്ദ്രസര്‍ക്കാരുമായി ഒത്തുതീര്‍പ്പ് ശ്രമം നടത്തിയതായി ആരോപണം ഉയര്‍ന്നിരുന്നു. ഇത് തള്ളി ഗുസ്തി താരം ബജ്‌രംഗ് പൂനിയ രംഗത്തെത്തിയിരുന്നു. കേന്ദ്ര സര്‍ക്കാരുമായി ഒരു വിധത്തിലുമുള്ള ഒത്തുതീര്‍പ്പും നടന്നിട്ടില്ലെന്നും ബ്രിജ് ഭൂഷണിനെതിരെ പതിനഞ്ചിനകം നടപടിയുണ്ടായില്ലെങ്കിലും സമരം ശക്തമാക്കുമെന്നും പൂനിയ അറിയിച്ചിരുന്നു.