11 June, 2023 06:20:47 PM
പിക്കപ്പ് വാൻ ബൈക്കിലിടിച്ച് ചാനൽ ജീവനക്കാരായ രണ്ട് യുവാക്കൾ മരിച്ചു
നോയിഡ: സെക്ടർ 62-ൽ പിക്കപ്പ് വാൻ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ന്യൂസ് ചാനലിലെ ജീവനക്കാരായ രണ്ട് യുവാക്കൾ മരിച്ചു. പ്രാദേശിക ഹിന്ദി ചാനലിലെ ജീവനക്കാരായ മനോജ് കുമാർ(45), ഗൗരവ്(38) എന്നിവരാണ് മരിച്ചത്. ഗാസിയാബാദ് സ്വദേശികളായ ഇരുവരും ഇന്ന് രാവിലെ നോയിഡയിലേക്ക് ബൈക്കിൽ സഞ്ചരിക്കുന്നതിനിടെ അപകടത്തിൽപ്പെട്ടത്.
സെക്ടർ 62-ലെ മേൽപ്പാലത്തിന് സമീപത്ത് വച്ച് ഇവരുടെ ബൈക്കിലേക്ക് വാൻ ഇടിച്ചുകയറുകയായിരുന്നു. ഇരുവരെയും സമീപത്തുള്ള സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടശേഷം വാൻ ഡ്രൈവർ ഓടിരക്ഷപ്പെട്ടതായും ഇയാളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.