10 June, 2023 01:08:45 PM


കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നാളെ 'കണ്ടക്ടർ കുപ്പായത്തില്‍'



ബെംഗ്ലൂരു: ജാതി-മത വിവേചനമില്ലാതെ കർണാടക കോൺഗ്രസ് സർക്കാർ തങ്ങളുടെ അഞ്ച് തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ നടപ്പാക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചിരുന്നു. അതിന്‍റെ തുടക്കം എന്ന രീതിയിൽ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഞായറാഴ്ച ബസ് കണ്ടക്ടറാകും. സര്‍ക്കാരിന്‍റെ ഉടമസ്ഥതയിലുള്ള ബസുകളില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുന്ന 'ശക്തി' പദ്ധതിയുടെ ഉദ്ഘാടനത്തിന്‍റെ ഭാഗമായാണ് സിദ്ധരാമയ്യ ഒരു ദിവസത്തേക്ക് കണ്ടക്ടറാകുന്നത്.

ആദ്യ ദിനമായ നാളെ ബിഎംടിസി ബസില്‍ കണ്ടക്ടറായി വേഷമിട്ട് സ്ത്രീകള്‍ക്ക് ടിക്കറ്റ് നല്‍കും. മന്ത്രിമാരും നിയമസഭാംഗങ്ങളും അവര്‍ പ്രതിനിധീകരിക്കുന്ന ജില്ലകളില്‍ ബസിന് ഫ്ലാഗ് ഓഫ് നല്‍കും. ജാതി മത ഭേദമില്ലാതെ എല്ലാ സ്ത്രീകളിലേക്കും പദ്ധതിയുടെ ഗുണം കിട്ടുന്നെന്ന് ഉറപ്പു വരുത്തണമെന്ന് മുഖ്യമന്ത്രി മന്ത്രിമാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എല്ലാ വീട്ടിലും 200 യൂണിറ്റ് സൗജന്യ വൈദ്യുതി എന്ന ലക്ഷ്യത്തോടെയുള്ള ഗൃഹജ്യോതി പദ്ധതി. സ്ത്രീകൾക്ക് പ്രതിമാസം 2,000 രൂപ സഹായം നൽകുന്ന പദ്ധതിയായ  ഗൃഹ ലക്ഷ്മി. ഒരു കുടുംബത്തിലെ ബിപിഎൽ വിഭാഗത്തിലെ ഓരോ അന്ത്യോദയ കാർഡുടമകൾക്കും ജൂലൈ 1 മുതൽ 10 കിലോ അരി സൗജന്യമായി നൽകുന്ന പദ്ധത്തിയാണ് അന്ന ഭാഗ്യ. ബിരുദ വിദ്യാർത്ഥികൾക്ക് എല്ലാ മാസവും 3,000 രൂപയും ഡിപ്ലോമ വിദ്യാർത്ഥികൾക്ക് 1,500 രൂപയും 24 മാസത്തേക്ക് നൽകുന്ന പദ്ധതിയാണ് യുവ നിധി എന്നിവയാണ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോൺഗ്രസ് വാഗ്ദാനം ചെയ്ത മറ്റ് വാഗ്ദാനങ്ങൾ.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K