09 June, 2023 05:12:07 PM
'അരിശിക്കൊമ്പനെ കേരളത്തുക്ക് കൊണ്ടുപോ'- പേച്ചിപ്പാറയിലെ ആദിവാസികൾ
കന്യാകുമാരി: അരിക്കൊമ്പനെ കന്യാകുമാരി ജില്ലയിലെ മുത്തുകുളി വനത്തില്‍ തുറന്നുവിട്ടതില്‍ പ്രതിഷേധവുമായി പേച്ചിപ്പാറയിലെ ആദിവാസികൾ. ആനയെ കേരളത്തിലേക്ക് തന്നെ കൊണ്ടുപോകണമെന്നാണ് ഇവരുടെ ആവശ്യം. കമ്പം പൂശനാംപെട്ടിക്ക് സമീപം ജനവാസമേഖലയിലിറങ്ങിയ ആനയെ തമിഴ്നാട് വനംവകുപ്പിന്‍റെ നേതൃത്വത്തില്‍ മയക്കുവെടിവെച്ച് പിടികൂടിയിരുന്നു. തുടര്‍ന്ന് അപ്പർ കോതൈയാർ മുത്തു കുളി വനമേഖലയില്‍ തുറന്നുവിട്ട അരിക്കൊമ്പന്‍ കോതയാര്‍ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് തുടരുകയാണ്.
മൂന്നാറിൽ നിന്ന് പിടിച്ച ശേഷം കുമളിയ്ക്കടുത്ത കാട്ടിൽ തുറന്നു വിട്ട അരിക്കൊമ്പൻ ആനയെ തിങ്കളാഴ്ച രാവിലെയാണ് തേനി ജില്ലയിൽ നിന്ന് കുങ്കി ആനകളുടെ സഹായത്തോടെ വനംവകുപ്പ് മയക്കുവെടി വെച്ച് പിടികൂടിയത്. തിരുനെൽവേലി ജില്ലയിലെ മണിമുത്താർ വനത്തിലേക്ക് ട്രക്കിൽ എത്തിച്ച ശേഷം അവിടെ നിന്ന് 75 കിലോമീറ്റർ അകലെയുള്ള അപ്പർ കോതയാർ മുത്തുകുളി വനത്തിൽ തുറന്നുവിടുകയായിരുന്നു.
മുത്തുകുളി വന മേഖലയിൽ അരിസിക്കൊമ്പൻ ആനയെ തുറന്നുവിട്ടതായി നേരത്തെ വാർത്ത ഉണ്ടായിരുന്നു. ഇതേത്തുടർന്നാണ് പേച്ചിപ്പാറയ്ക്ക് സമീപം തച്ചമല വനമേഖലയിൽ താമസിക്കുന്ന ആദിവാസികൾ അരികൊമ്പൻ ആനയെ പ്രദേശത്ത് തുറന്നുവിട്ടതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയത്. ആനയെ ഇവിടെ വിട്ടാൽ കൃഷി ഭൂമിയും ജനവാസമേഖലയും നശിപ്പിക്കുമെന്നും അതിനാൽ ആനയെ ഇവിടെ വിടാതെ കേരളത്തിലേക്ക് കൊണ്ടുപോകണമെന്നും അവര്‍ ആവശ്യപ്പെട്ടു.