09 June, 2023 11:25:26 AM


ട്രെയിൻ അപകടം; മൃതദേഹങ്ങൾ സൂക്ഷിച്ച സ്‌കൂളിലേക്ക് കുട്ടികളെ അയക്കാതെ മാതാപിതാക്കൾ



ബാലസോർ: ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ച സ്‌കൂളിലേക്ക് കുട്ടികളെ അയക്കാതെ മാതാപിതാക്കൾ. ദുരന്തസ്ഥലത്തുനിന്ന് 500 മീറ്റർ മാത്രം മാറി സ്ഥിതി ചെയ്യുന്ന ബഹനാഗ ഹൈസ്‌കൂളിലേക്കാണ് മാതാപിതാക്കൾ കുട്ടികളെ അയക്കാത്തത്.

മൂന്ന് ട്രെയിനുകൾ ഉൾപ്പെട്ട ബാലസോർ ട്രെയിൻ അപകടത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ സൂക്ഷിച്ചിരുന്നത് ഈ സ്‌കൂളിലെ ക്‌ളാസ് മുറികളിലാണ്. സ്‌കൂളിലുള്ള 16 ക്ലാസ്മുറികളിൽ 7 എണ്ണം ഇതിനായി അധികൃതർ മാറ്റിവെച്ചിരുന്നു. അതുകൊണ്ടുതന്നെ ഈ സ്‌കൂളിൽ പ്രേതബാധയുണ്ടാകാമെന്നാണ് ഇവിടം പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ പറയുന്നത്. ഈ സ്‌കൂൾ കെട്ടിടം ഇടിച്ചുകളയണമെന്നും പുതിയത് പണിയണമെന്നും അവർ ആവശ്യപ്പെടുന്നു.

ബാലസോർ ജില്ലാ കളക്ടർ മാതാപിതാക്കളുടെ ഈ ആവശ്യം അംഗീകരിച്ചുകൊണ്ട് സംസ്ഥാന സർക്കാരിന് നിവേദനം സമർപ്പിച്ചിട്ടുണ്ട്. ഇതിന് ശേഷം മാധ്യമങ്ങളെ കണ്ട കളക്ടർ കുട്ടികളുടെ മനസ്സിൽ ഇത്തരത്തിൽ അശാസ്ത്രീയത കുത്തിനിറയ്ക്കുന്നത് നല്ലതാണോ എന്ന് സ്വയം പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

അതേസമയം, ഒഡീഷ ട്രെയിന്‍ അപകടം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും അപകട കാരണം കണ്ടെത്താനായിട്ടില്ല. അപകടമാണോ അട്ടിമറിയാണോ എന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്നു. ബാലസോറില്‍ ക്യാംപ് ചെയ്യുന്ന സിബിഐ സംഘം അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് കൂടുതല്‍ പേരുടെ മൊഴിയെടുക്കും.

6 റെയില്‍വേ ജീവനക്കാരുടെ ഫോണ്‍ സിബിഐ പിടിച്ചെടുത്തിരുന്നു . പിടിച്ചെടുത്ത ഫോണുകളിലെ കോള്‍ റെക്കോഡുകള്‍, വാട്സ് ആപ്പ് കോളുകള്‍, സാമൂഹൃ മാധ്യമങ്ങളിലെ ഉപയോഗം എന്നിവ സിബിഐ പരിശോധിച്ചു വരികയാണ്. അതേ സമയം പരുകേറ്റ് ചികിത്സയില്‍ കഴിയുന്ന കോറമാണ്ഡല്‍ എക്‌സ്പ്രസിന്റെ ലോക്കോ പൈലറ്റിനെ സിബിഐ ഉടന്‍ ചോദ്യം ചെയ്‌തേക്കും. അപകടത്തില്‍ റെയില്‍വെ സുരക്ഷാകമീഷണറുടെ അന്വേഷണവും പുരോഗമിക്കുകയാണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K