06 June, 2023 04:39:48 PM


കനത്ത വേനൽ; തമിഴ്‌നാട്ടിൽ സ്‌കൂൾ തുറക്കുന്നത് വീണ്ടും നീട്ടിവെച്ചു



ചെന്നൈ: കനത്ത വേനൽച്ചൂടിനെത്തുടർന്ന് തമിഴ്നാട്ടിൽ സ്കൂൾ തുറക്കുന്നത് വീണ്ടും നീട്ടിവെച്ചു. ക്ലാസുകൾ ജൂൺ 12ന് തുടങ്ങുമെന്ന് വിദ്യാഭ്യാസ മന്ത്രി അൻബിൽ മഹേഷ് പൊയ്യമൊഴി അറിയിച്ചു. ജൂൺ രണ്ടിന് പുതിയ അധ്യനവർഷം ആരംഭിക്കേണ്ടിയിരുന്നത് നേരത്തേ ജൂൺ ഏഴിലേക്ക് മാറ്റിയിരുന്നു.

6 മുതൽ 12 വരെയുള്ള ക്ലാസുകൾ സ്‌കൂളുകൾ ജൂൺ 12 മുതലും 1 മുതൽ 5 വരെയുള്ള ക്ലാസുകൾ ജൂൺ 15 മുതലും തുടങ്ങുമെന്ന് മന്ത്രി അറിയിച്ചു. സ്കൂൾ തുറക്കുന്നതിലെ കാലതാമസത്തെക്കുറിച്ച് സംസ്ഥാന സർക്കാർ ഇതുവരെ ഔദ്യോഗികമായി അറിയിപ്പൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇതു സംബന്ധിച്ച് തിങ്കളാഴ്ച തന്നെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ക്ലാസ് മാറ്റിവെയ്ക്കുന്നതു സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ വിദ്യാഭ്യാസ മന്ത്രിയുമായും മറ്റ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു. ഇതേത്തുടർന്നാണ് മന്ത്രിയുടെ അറിയിപ്പ് എത്തിയത്. തമിഴ്നാട് അതിശക്തമായ വേനൽച്ചൂടിനാണ് സാക്ഷ്യം വഹിക്കുന്നത്. ഉഷ്ണതരംഗത്തിനും സാധ്യതയുള്ളതിനാലാണ് സ്‌കൂളുകൾ തുറക്കുന്നത് ഇനിയും വൈകുന്നത്. 


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K