03 June, 2023 10:29:08 AM
ഒഡീഷയിൽ 3 ട്രെയിനുകൾ പാളം തെറ്റി; 233 പേർ മരിച്ചു, 900ത്തിലധികം പേർക്ക് പരിക്ക്
ന്യൂഡൽഹി: ഒഡീഷയിൽ രാജ്യത്തെ നടുക്കിയ ട്രെയിൻ അപകടത്തിൽ മരണം 233 ആയി. മറിഞ്ഞ ബോഗികൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങിക്കിടപ്പുണ്ടോയെന്നറിയുന്നതിന് തിരച്ചിൽ തുടരുകയാണ്. 900ലധികം പേർക്ക് പരിക്കേറ്റു. 400 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
ഷാലിമാറില്‍ നിന്ന് (കൊല്‍ക്കത്ത)-ചെന്നൈ സെന്‍ട്രലിലേക്ക് പോകുകയായിരുന്ന കോറമണ്ഡല്‍ എക്‌സ്പ്രസും (12841) യശ്വന്ത്പുരില്‍നിന്ന് ഹൗറയിലേക്ക് പോവുകയായിരുന്ന യശ്വന്ത്പുര്‍ – ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസും (12864 ) ഒരു ചരക്ക് തീവണ്ടിയുമാണ് അപകടത്തില്‍ പെട്ടത്.
അപകടത്തെ തുടർന്ന് ഒഡീഷയിൽ ഇന്ന് ദുഃഖാചരണം പ്രഖ്യാപിച്ചു. ട്രെയിൻ അപകടം സംബന്ധിച്ച് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു.
ഹൗറയിലേക്ക് പോയിക്കൊണ്ടിരുന്ന ബംഗളൂരു -ഹൗറ സൂപ്പർഫാസ്റ്റ് ബഹംഗാ ബസാറിൽ വച്ച് പാളം തെറ്റുകയും ട്രാക്കിൽ നിന്ന് മറിഞ്ഞ കോച്ചുകൾ ഷാലിമാർ-ചെന്നൈ കൊറമാണ്ഡൽ എക്സ്പ്രസ് ട്രെയിനിൽ ചെന്നിടിക്കുകയുമായിരുന്നു. മറ്റൊരു ട്രാക്കിൽ നിർത്തിയിട്ടിരുന്ന ചരക്കു തീവണ്ടിയിലും പാളം തെറ്റിയ കോച്ചുകൾ ഇടിച്ചതായി റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നു.
നിരവധി പേരാണ് മറിഞ്ഞ കോച്ചുകൾക്കിടയിൽ പെട്ടിരുന്നത്. പ്രദേശത്ത് വെളിച്ചക്കുറവുണ്ടായിരുന്നതിനാൽ രക്ഷാപ്രവർത്തനവും പ്രതിസന്ധിയിലായി. ദ്രുതകർമ സേനയുടെ 40 യൂണിറ്റുകളും എൻഡിആർഎഫിന്‍റെ മൂന്നു യൂണിറ്റുകളും 60 ആംബുലൻസുകളും അപകടസ്ഥലത്തെത്തിയിട്ടുണ്ട്. ബഹംഗാ ബസാർ സ്റ്റേഷനിൽ വച്ച് ഇന്നലെ വൈകിട്ട് 7.20 ഓടെയായിരുന്നു അപകടം.