02 June, 2023 04:58:56 PM
എട്ടാം ക്ലാസുകാർക്ക് 'ലിറ്റിൽ കൈറ്റ്സ്' അംഗമാകാൻ ജൂൺ എട്ടു വരെ അപേക്ഷിക്കാം
കോട്ടയം: സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ - എയ്ഡഡ് ഹൈസ്‌കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബുകളിൽ അംഗത്വത്തിന് സ്‌കൂൾ പ്രഥമാധ്യാപകൻ മുഖേന ജൂൺ എട്ടു വരെ അപേക്ഷിക്കാം. അംഗങ്ങളെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ ജൂൺ 13 ന് നടക്കും. അരമണിക്കൂർ ദൈർഘ്യമുള്ള സോഫ്റ്റ്വേർ അധിഷ്ഠിത അഭിരുചി പരീക്ഷയിൽ ലോജിക്കൽ, പ്രോഗ്രാമിംഗ്, അഞ്ച്, ആറ്, ഏഴ് ക്ലാസുകളിലെ ഐ.ടി പാഠപുസ്തകം, ഐ ടി മേഖലയിലെ പൊതുവിജ്ഞാനം എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്കു തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ മൂന്ന് ,നാല്,അഞ്ച് തീയതികളിൽ രാവിലെ 6.30 നും രാത്രി എട്ടിനും പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും.
അംഗങ്ങളായി തെരഞ്ഞെടുക്കുന്നവർക്ക് ഹാർഡ്വെയർ, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമാണം, പ്രോഗ്രാമിങ്, റോബോട്ടിക്സ്, ഇ-ഗവേണൻസ് തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. പുതിയതായി യൂണിറ്റുകൾക്ക് വിതരണം ചെയ്തിട്ടുള്ള ആർഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്സ് പ്രവർത്തനങ്ങളും ബ്ലെൻഡർ സോഫ്റ്റ്‌വേർ പ്രയോജനപ്പെടുത്തിയുള്ള 3ഡി ആനിമേഷൻ തയ്യാറാക്കൽ തുടങ്ങിയവ ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങളായിരിക്കും. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്.