02 June, 2023 04:29:47 PM
മണ്ണിടിച്ചിലും മണ്ണൊലിപ്പും: മീനച്ചിലാറിന്‍റെ തീരത്ത് മുള നട്ട് കിടങ്ങൂർ ഗ്രാമപഞ്ചായത്ത്
കോട്ടയം: ഹരിത കേരളം മിഷൻ, മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി, വനം വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ മീനച്ചിലാറിന്‍റെ തീരങ്ങളിൽ മുളത്തൈകൾ വച്ച് പിടിപ്പിക്കുകയാണ് കിടങ്ങൂർ ഗ്രാമപഞ്ചായത്ത്. പദ്ധതിയുടെ ഉദ്ഘാടനം പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് അശോക് കുമാർ പൂതമന നിർവഹിച്ചു.
സോയിൽ സർവേ തെക്കൻ മേഖല ഉപഡയറക്ടർ പി. രമേശ് പദ്ധതി വിശദീകരണം നടത്തി. കിടങ്ങൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ബോബി മാത്യു അധ്യക്ഷനായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഹേമ രാജു, ബ്ലോക്ക് പഞ്ചായത്തംഗം ഡോ. മേഴ്സി ജോൺ, അസിസ്റ്റന്‍റ് സർവികൾച്ചർ ഓഫീസർ രേഖ ലൂയിസ് എന്നിവർ പങ്കെടുത്തു.
മീനച്ചിലാറിന്‍റെ തീരങ്ങളായ മൂഴിക്കൽകടവ്, കാവാലിപ്പുഴ കടവ്, കുമ്മണ്ണൂർ, ചേർപ്പുങ്കൽ, ചെമ്പിളാവ് എന്നിവിടങ്ങളിലാണ് തൈകൾ വച്ച് പിടിപ്പിക്കുന്നത്. മീനച്ചിലാറിന്‍റെ തീരങ്ങളിൽ കൂടുതലായി മണ്ണിടിച്ചിലും മണ്ണൊലിപ്പും സംഭവിക്കുന്ന പ്രദേശങ്ങളാണിവ.
കാട് പിടിച്ച് കിടക്കുന്ന ഭാഗങ്ങൾ വൃത്തിയാക്കി സാമൂഹ്യ വനവത്ക്കരണ വകുപ്പിൽ ഉത്പാദിപ്പിച്ച നല്ല ഇനം മുളത്തെകൾ ഹരിത കേരളം മിഷന്‍റെ സഹകരണത്തോടെ ലഭ്യമാക്കിയാണ് നട്ടുപിടിപ്പിക്കുന്നത്. 2000 തൈകളാണ് തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നട്ടുപിടിപ്പിക്കുന്നത്. ഇതിലൂടെ ഈ പ്രദേശത്തെ പാരിസ്ഥിതിക ആഘാതം തടയുന്നതിനും തീരം മനോഹരമാക്കാനും സാധിക്കും.