31 May, 2023 06:54:34 PM
ഗൂഗിള്‍പേ വഴി കൈക്കൂലി; കോട്ടയത്ത് ജില്ലാ ഉദ്യോസ്ഥന്‍ കൈപ്പറ്റിയത് മൂന്നുലക്ഷം രൂപ
കോട്ടയം: കൈക്കൂലി വാങ്ങുന്നതിനിടെ കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടർ വിജിലൻസ് പിടിയിലായി. കോട്ടയം ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിലെ ഇൻസ്പെക്ടറും നിരണം ശിവകൃപയില്‍ കുഞ്ഞുകുഞ്ഞിന്‍റെ മകനുമായ എക്സിക്യുട്ടീവ് എഞ്ചിനീയർ കെ.കെ സോമനെയാണ് വിജിലൻസ് പിടികൂടിയത്. സോമന്‍റെ മൊബൈല്‍ ഫോണിലെ ഗൂഗില്‍ പേ അക്കൗണ്ട് പരിശോധിച്ചപ്പോള്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍. 285000 രൂപയോളം കൈപറ്റിയതായിട്ടാണ് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം പാലക്കാട് വില്ലേജ് ഓഫീസ് അസിസ്റ്റന്‍റ് കൈക്കൂലി മേടിച്ച കേസില്‍ പിടിയിലായതിനെ തുടര്‍ന്നുളള പരിശോധനയില്‍ കോടിക്കണക്കിന് രൂപ കണ്ടെത്തിയതിനെ സംബന്ധിച്ച് കേരളത്തില്‍ അങ്ങോളമിങ്ങോളം സജീവമായി മാധ്യമങ്ങളിലും വ്യക്തികള്‍ തമ്മിലും വലിയ വാര്‍ത്ത പ്രാധാന്യത്തോടെ ചര്‍ച്ച ചെയ്തൊരു വിഷയമാണ്. അതിന്‍റെ ചൂടാറും മുമ്പുതന്നെ ഒരു വകുപ്പിലെ പ്രമുഖനായ ഒരു ജില്ലാ മേധാവി തന്നെ വീണ്ടും കൈക്കൂലിക്കേസില്‍ ഉള്‍പ്പെട്ടുവെന്നുളളത്. അഴിമതി സംബന്ധിച്ച് എത്ര ബോധവത്ക്കരണം നടത്തിയാലും വീണ്ടും വീണ്ടും അഴിമതിക്കേസുകള്‍ വരികയാണ്.
ഇന്ന് കോട്ടയത്ത് പിടിയിലായ സോമന്‍ കഴിഞ്ഞയാഴ്ച ഓഫീസിൽ ആവശ്യവുമായി എത്തിയ ആളോട് 10,000 രൂപ കൈക്കൂലി വാങ്ങിയിരുന്നു. ഇതിന്‍റെ ബാക്കി 10,000 രൂപ ഇന്ന് നൽകണമെന്ന് ആവശ്യപ്പെട്ട് സോമൻ ആവശ്യക്കാരനെ മടക്കി. എന്നാൽ ആവശ്യക്കാരൻ വിജിലൻസിനെ സമീപിച്ചു. വിജിലൻസ് നൽകിയ 10,000 രൂപയാണ് ഇന്ന് ഇയാൾ സോമന് നൽകിയത്. സോമൻ ഇത് കൈയ്യിൽ വാങ്ങി തന്‍റെ പേഴ്‌സിലേക്ക് വെക്കുകയായിരുന്നു. ഉടൻ മറഞ്ഞുനിന്ന വിജിലൻസ് സംഘം ഓഫീസിൽ കടന്ന് പ്രതിയെ പരിശോധിച്ച് പണം കണ്ടെത്തി. അറസ്റ്റും രേഖപ്പെടുത്തി. എറണാകുളം സ്വദേശിയായ കരാറുകാരനാണ് പരാതിക്കാരൻ.
ഡപ്യൂട്ടി ചീഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടര്‍ ആയി സ്ഥാനക്കയറ്റം ലഭിച്ച സോമന്‍ ഇന്ന് വൈകിട്ട് കോട്ടയം ഓഫീസില്‍ നിന്നും സ്ഥലം മാറാനിരിക്കെയാണ് വിജിലന്‍സ് പിടിയിലാകുന്നത്. തിരുവനന്തപുരം ഇലക്ട്രിക്കല്‍ ഡയറക്ടറേറ്റില്‍ നാളെ രാവിലെ സ്ഥാനമേല്‍ക്കേണ്ടതായിരുന്നു. തിരുവല്ല നിരണത്ത് സോമന്‍ ഈയിടെ പണിയിച്ച പുതിയ ആഡംബര വസതിയിലും വിജിലന്‍സ് റെയ്ഡ് നടത്തി.
വിജിലന്‍സ് സോമന്‍റെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചതില്‍ നിന്നും ഒട്ടേറെ കരാറുകാര് ഗൂഗിള്‍ പേ വഴി ഇദ്ദേഹത്തിന് കൈക്കൂലിയായി പണം ട്രാന്‍സ്ഫര്‍ ചെയ്തതായും കണ്ടെത്തി. പതിനയ്യായിരം, അയ്യായിരം ഇരുപതിനായിരം എന്നിങ്ങനെ ഓരോ നിരക്കിലും കോണ് ട്രാക്ടര്‍മാര് നല്കിയ പണത്തിന്‍റെ രേഖ അയച്ചു കൊടുത്തതിന്‍റെ വാട്സാപ്പ് സന്ദേശവും വിജിലന്‍സ് കണ്ടെത്തി.