31 May, 2023 09:18:34 AM
25 കോടിയുടെ സ്വത്ത് ആതുരസേവനത്തിന് സൗജന്യമായി നൽകി ഡോ. രാജശേഖരൻ
ഏറ്റുമാനൂർ: 25 കോടിയിലധികം വിലവരുന്ന കോട്ടയം ജില്ലയിൽ ഏറ്റുമാനൂർ ടൗണിലെ 65 സെന്‍റ് ഭൂമിയും 10,000 സ്‌ക്വ.ഫീറ്റ് കെട്ടിട സമുച്ചയവും സേവാഭാരതിക്ക് സൗജന്യമായി വിട്ടുനൽകി ഡോക്ടർ രാജശേഖരൻ നായരും, ഭാര്യ ഡോ. സരസുവും. മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് വസ്തുവിന്‍റെ കൈമാറ്റം നടന്നത്.
ഏറ്റുമാനൂർ - പാലാ സംസ്ഥാന ഹൈവേയിലുള്ള രാമകൃഷ്ണ എന്ന പേരിലുള്ള ബിൽഡിങ്ങും, ഒരു വീടും അതെല്ലാം ഉൾപ്പെടുന്ന 65 സെന്റ് സ്ഥലവും ആണ്, യു.കെ യിൽ ഡോ. ആയി പ്രവർത്തിച്ച് റിട്ടയർ ചെയ്ത ഡോ. രാജശേഖരൻ നായരും, ഭാര്യ ഡോ.സരസുവും തങ്ങളുടെ കൈവശത്തിലുള്ള 25 കോടിയിലധികം വിലവരുന്ന സ്വത്ത് സേവാഭാരതിക്ക് സൗജന്യമായി വിട്ടുനൽകിയത്. ഏറ്റുമാനൂരിലെ ഗിരിമന്ദിരം വീട്ടിൽ ഡോ. രാജശേഖരൻ നായരുടെ അച്ഛൻ ഡോ. രാം കെ. നായരും അമ്മ ഡോ. എം.കെ.ചെല്ലമ്മയും ആണ് രാമകൃഷ്ണ എന്ന പേരിൽ ഇവിടെ ആതുരസേവനം ആരംഭിച്ചത്. അച്ഛനും അമ്മയും ഹോമിയോ ഡോക്ടർമാർ ആയിരുന്നു. കൂടാതെ അമ്മ മിഡ് വൈഫ് ആയും ലാഭേച്ഛ ഇല്ലാതെ പ്രവർത്തിപ്പിച്ചിരുന്ന സേവനകേന്ദ്രമാണ് അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടെ ഓർമ്മയ്ക്കായി സേവാഭാരതിക്ക് വിട്ടുനൽകുന്നത്.
ഈ കേന്ദ്രത്തെ നവീകരിച്ച് പാലിയേറ്റിവ് കെയർ യൂണിറ്റ്, അലോപ്പതി-ഹോമിയോ-ആയുർവേദ ഡോക്ടർമാരുടെ സൗജന്യ ഈവനിംഗ് ക്ലിനിക്, പ്രായമായവർക്ക് പകൽ വീട്, ഡയാലിസിസ് സെന്‍റർ, തൊഴിൽ പരിശീലനകേന്ദ്രം, പരീക്ഷാ പരിശീലന കേന്ദ്രം, ശബരിമല തീർത്ഥാടകർക്ക് തങ്ങാനുള്ള ഇടം, കലകളും യോഗയും പരിശീലിക്കാനുള്ള കേന്ദ്രം തുടങ്ങിയവ ലഭ്യമാക്കുന്ന സേവന കേന്ദ്രമായി മാറ്റുന്നതിനാണ് സേവാഭാരതി പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇതിന് മുന്നോടിയായി ദേശീയ സേവാഭാരതി കോട്ടയം ജില്ലാ ഓഫീസ്, സേവാഭാരതി ഏറ്റുമാനൂർ യൂണിറ്റ് ഓഫീസ് എന്നിവയുടെ പ്രവര്‍ത്തനം ഈ കെട്ടിടത്തിലേക്ക് മാറ്റിയിട്ടുണ്ട്.
തൻ്റെ ബാല്യകാലത്തേയും യൗവ്വനത്തിലേയും ഗൃഹാതുരതയുണർത്തുന്ന ഓർമ്മകൾ നിറഞ്ഞ് നിൽക്കുന്ന ''രാമകൃഷ്ണ ബിൽഡിംഗ് " സേവാഭാരതിക്ക് കൈമാറാനുള്ള ആഗ്രഹം സേവാഭാരതി പ്രവർത്തകരോട് അവതരിപ്പിച്ച ഡോ. രാജശേഖരൻ നായർ, തന്‍റെ മാതാപിതാക്കൾ സേവനമായാണ് ഏറ്റുമാനൂരിൽ പ്രവർത്തിച്ചത് എന്നും, ആയതിനാൽ സേവന കാര്യങ്ങൾ മാത്രമേ ഈ ഭൂസ്വത്ത് ഉപയോഗിച്ച് ചെയ്യാവൂ എന്നും, അദ്ദേഹത്തിന്‍റെ മാതാപിതാക്കളുടെ ഓർമ്മ നിലനിർത്താൻ കെട്ടിടത്തിന്‍റെ പേര് നിലനിർത്തണം എന്നും മാത്രമാണ് ആവശ്യപ്പെട്ടത്. സമാജ സേവനത്തിനായി തൻ്റെ സ്വത്തിൻ്റെ, സമ്പാദ്യത്തിൻ്റെ നല്ലൊരു ഭാഗവും പേരും പ്രശസ്തിയും ആഗ്രഹിക്കാതെ ദാനം ചെയ്ത് കൊണ്ട് ഡോക്ടറും കുടുംബവും ഏഴരപ്പൊന്നാനയുടെ നാടിന് അഭിമാനമായി മാറിയിരിക്കുകയാണ്.