28 May, 2023 11:24:28 PM
കളക്ടർ പടിയിറങ്ങും മുമ്പേ ഒരു 'പൊൻതൂവൽ': കോട്ടയം കളക്ടറേറ്റിന് ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ
കോട്ടയം : കേരളത്തിലെ ആദ്യ ഐ.എസ്.ഒ. സർട്ടിഫിക്കേഷൻ ലഭിക്കുന്ന കളക്ടറേറ്റായി കോട്ടയം. ഐ.എസ്.ഒ 9001: 2015 സർട്ടിഫിക്കേഷനാണ് കോട്ടയം ജില്ലാ കളക്ടറുടെ കാര്യാലയത്തിന് ലഭിച്ചത്. അതും ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ വിരമിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കെ.
പൊതു ജനങ്ങൾക്ക് മികവാർന്നതും ഗുണനിലവാരമാർന്നതുമായ സേവനങ്ങൾ സമയബന്ധിതമായി ലഭിക്കുന്നതിനും മറ്റ് അടിസ്ഥാന സൗകര്യങ്ങളിലെ മികവിനുമാണ് ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ സ്റ്റാൻഡേർഡൈസേഷന്റെ ഗുണമേന്മ സർട്ടിഫിക്കേഷൻ ലഭിച്ചതെന്ന് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.
റെക്കോഡുകളുടെ ആധുനിക രീതിയിലുള്ള ഡിജിറ്റൽ പരിപാലനം,അപേക്ഷകളിലും പരാതികളിലും സമയ ബന്ധിതമായ തീർപ്പാക്കൽ,ഓഫീസിൽ എത്തുന്ന പൊതുജനങ്ങൾക്കുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കൽ,ജീവനക്കാരുടെ വിവരങ്ങളും ദൈനം ദിന ഹാജരും പ്രദർശിപ്പിക്കൽ, ജീവനക്കാർക്കുള്ള തുടർച്ചയായ പരിശീലനങ്ങൾ തുടങ്ങി സേവനങ്ങളിലെ മികവ് പരിശോധിച്ചാണ് സർട്ടിഫിക്കേഷൻ ലഭിച്ചത്. ഇതിനായി ഓഫീസ് സംവിധാനം നവീകരിച്ചിരുന്നു.
ഐ. സ്.ഒ. സർട്ടിഫിക്കേഷൻ പ്രഖ്യാപനം മേയ് 30 ന് രാവിലെ കളക്ട്രേറ്റിൽ നടക്കും. റവന്യൂ വകുപ്പു മന്ത്രി അഡ്വ. കെ. രാജൻ, മന്ത്രി വി എൻ വാസവൻ എന്നിവർ പങ്കെടുക്കും. acvnews